ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഒന്നിച്ച് നിർത്തുന്നത് ഭരണഘടനയെന്ന ശക്തിയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്ത് , ജില്ലാ ആസൂത്രണ സമിതി, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘ദി സിറ്റിസണ്‍ 2022’ ഭരണഘടനാ സാക്ഷരത ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ സംരക്ഷിക്കുവാനും പഠിക്കുവാനും ഏറെ പ്രവർത്തനങ്ങൾ നാം നടത്തേണ്ടതുണ്ട്. അതിനായുള്ള പുതിയ ചുവടുവയ്പ്പിനാണ് ജില്ല നേതൃത്വം നൽകുന്നത്.
ഭരണഘടനയുടെ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തുന്ന പുതിയ ചുവടുവയ്പ്പാകും ജില്ലയിൽ ആരംഭിക്കുന്ന ഭരണഘടന സാക്ഷരതാ ക്യാമ്പയിൻ. മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ അധ്യക്ഷനായി. 2022 ഓഗസ്റ്റ് 14 ന് അർദ്ധരാത്രിയാണ് സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയുടെ പ്രഖ്യാപനം നടത്തുന്നത്.

ഭരണഘടനയുടെ മാതൃക ആമുഖ പ്രകാശനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു.
ഭരണഘടന മൂല്യങ്ങൾ മേയർ പ്രസന്ന ഏണസ്റ്റ് ചൊല്ലി നൽകി.
പി. സി വിഷ്ണുനാഥ്‌ എം. എൽ. എ ‘ദി സിറ്റിസണ്‍ 2022’ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം. എൽ. എ സെനറ്റർമാർക്ക്
പ്രതിജ്ഞ ചൊല്ലി നൽകി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ചിന്നക്കട പി.ഡബ്ല്യൂ. ഡി റസ്റ്റ്‌ ഹൗസ് മുതല്‍ സി.കേശവന്‍ സ്മാരക ടൗണ്‍ഹാള്‍ വരെ വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയും നടത്തി.