കള്ളത്തരവും വഞ്ചനയും അഴിമതിയും കാട്ടുന്ന ഡയറക്ട്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വഴി പുറത്തേക്കാണെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മാര്‍ഗരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയുടെ വഴിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സംരക്ഷണവും നിയമത്തിന്റെ പരിധിയിലുണ്ടാവും. ഉപഭോക്താവ് വഞ്ചിതരാകരുത്. അവരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. അതേ സമയം ഈ രംഗത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് രംഗത്ത് വേണ്ടത്ര ഗൗരവത്തോടെയുള്ള നിയമം ഇല്ലാത്തതിനാല്‍ ക്രമക്കേടും വഞ്ചനയും ചൂഷണവും നടമാടിയിരുന്നു. ഈ മേഖലയില്‍ മാര്‍ഗരേഖ വേണമെന്ന കേന്ദ്ര നിര്‍ദേശം അനുസരിച്ച് ആദ്യം കേരളം തയ്യാറാക്കുകയായിരുന്നു. വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉത്പന്നം വീടുകളില്‍ എത്തിക്കാന്‍ ഇത്തരം വിപണന സംവിധാനത്തിന് കഴിയുന്നുവെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കുക, ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കുക, സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയാണ് മാര്‍ഗരേഖയിലെ പ്രധാന ഘടകങ്ങള്‍. എ. ഡി. ജി. പി അനില്‍കാന്തിന് മാര്‍ഗരേഖ കൈമാറിയാണ് മന്ത്രി പ്രകാശനം നിര്‍വഹിച്ചത്. മാര്‍ഗരേഖ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ഡോ. തോമസ് ജോസഫ്, ജ്യോതി പ്രദീപ് എന്നിവരെ പ്രശംസാപത്രം നല്‍കി മന്ത്രി ആദരിച്ചു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഉപഭോക്തൃ വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി ടി. എല്‍. റെഡ്ഡി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഡി. നാരായണ, വിവിധ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായ കെ. ഒ. ഹബീബ്, ആര്‍. ചന്ദ്രശേഖരന്‍, ഇ. സി. സതീശന്‍, സി. ജി. ഗോപകുമാര്‍, അബ്ദുള്‍ അസീസ് കോട്ടയ്ക്കല്‍, വിവേക് കട്ടോച്ച്, രജത് ബാനര്‍ജി, എ. പി. റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.