മാര്‍ക്‌സും വര്‍ത്തമാനകാലവും-അന്താരാഷ്ട്ര സെമിനാര്‍ സെപ്തംബര്‍ 13 മുതല്‍ 16 വരെ 
കൊച്ചി: അസഹിഷ്ണുത നിലനില്‍ക്കുന്ന അന്തരീക്ഷത്തിലും ബൗദ്ധിക ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. സെപ്തംബര്‍ 13 മുതല്‍ 16 വരെ കൊച്ചിയില്‍ നടക്കുന്ന മാര്‍ക്‌സും വര്‍ത്തമാനകാലവും-അന്താരാഷ്ട്ര സെമിനാറിന്റെ സ്വാഗത സംഘം രൂപീകരണം കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയങ്ങളുടെ പ്രചാരം പരമാവധി പ്രോത്സാഹിപ്പിക്കും. സര്‍ക്കാരിന്റെ ഈ നയങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ സെമിനാറിന്റെ ഭാഗമാകും. മാര്‍ക്‌സിസത്തിന്റെ സമകാലിക പ്രസക്തി സംബന്ധിച്ച വൈജ്ഞാനിക ചര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സെപ്തംബര്‍ 13 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 29 അന്താരാഷ്ട്ര പ്രതിനിധികളും നൂറോളം സാമ്പത്തിക ശാസ്ത്ര വിദഗ്ധരും സെമിനാറില്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. 14,15 തീയതികളില്‍ ടൗണ്‍ ഹാളില്‍ വിവിധ വിഷയങ്ങളില്‍ സംവാദം നടക്കും. ഇതോടൊപ്പം ചിന്ത പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പസ്തക പ്രദര്‍ശനവും നടക്കും. നഗരത്തിലെ വിവിധ കോളേജുകളിലും സംഘടനകളിലുമായി നടക്കുന്ന സെമിനാറുകളില്‍ അന്താരാഷ്ട്ര പ്രതിനിധികളും സാമ്പത്തിക ശാസ്ത്ര വിദഗ്ധരും പങ്കെടുക്കും.
മൂലധനം എന്ന ഗ്രന്ഥം കാള്‍ മാര്‍ക്‌സ് രചിച്ചിട്ട് 150 വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടും സോഷ്യല്‍ സയന്റിസ്റ്റ് മാഗസിനും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരി സ്വാഗത സംഘം രൂപീകരിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, പ്രൊഫ. എം.കെ. സാനു, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എം.എം ലോറന്‍സ് എന്നിവരാണ് രക്ഷാധികാരികള്‍. മന്ത്രി തോമസ് ഐസക് സ്വാഗത സംഘം ചെയര്‍മാന്‍. ജനറല്‍ കണ്‍വീനര്‍ മുന്‍ എം.പി. പി. രാജീവ്, എം.എല്‍.എമാരായ എസ്. ശര്‍മ്മ, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എം. സ്വരാജ്, കെ.ജെ. മാക്‌സി, പി.ടി. തോമസ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കുസാറ്റ് വിസി. ഡോ. ജെ. ലത, കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. ധര്‍മ്മരാജ് അടാട്ട്, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കൃഷ്ണകുമാര്‍, പ്രൊഫ. അരവിന്ദാക്ഷന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് രജിസ്ട്രാര്‍ കിരണ്‍ ലാലിനെ കണ്‍വീനറായും തിരഞ്ഞെടുത്തു. പ്രൊഫ. പി.കെ. രവീന്ദ്രന്‍, കെ.ജെ. ജേക്കബ്, സി.കെ. മണിശങ്കര്‍, എം. അനില്‍കുമാര്‍, കെ. ശിവകുമാര്‍, അഡ്വ. എന്‍. മനോജ് കുമാര്‍, ഡോ. എം.എസ്. മുരളി, കുസാറ്റി പ്രോ-വിസി ഡോ. ശങ്കരന്‍, ഡോ. എന്‍. രമാകാന്തന്‍, മുന്‍ എംഎല്‍എ പി. രാജു എന്നിവരാണ് മറ്റു കണ്‍വീനര്‍മാര്‍.
സ്വാഗത സംഘം രൂപീകരണ ചടങ്ങില്‍ പ്രൊഫ. സി.പി. ചന്ദ്രശേഖരന്‍, മുന്‍ എം.പി. പി. രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കെ. ശിവകുമാര്‍ (ചിന്താ പബ്ലിക്കേഷന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കൊച്ചിയില്‍ നടക്കുന്ന മാര്‍ക്‌സും വര്‍ത്തമാനകാലവും-അന്താരാഷ്ട്ര സെമിനാറിന്റെ സ്വാഗത സംഘം രൂപീകരണം കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.