2021ലെ നിയമസഭാ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ എം.ബി. രാജേഷാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ പുരസ്‌കാരം ദിനേശ് വർമയ്ക്കു ലഭിച്ചു. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ‘ഭാഷയെ പുതുക്കുന്ന സോഷ്യൽ മീഡിയ’ എന്ന ലേഖനത്തിനാണു പുരസ്‌കാരം. ദൃശ്യമാധ്യമത്തിൽ സി. അനൂപിനാണു പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ‘എന്റെ മലയാളം’ എന്ന പരിപാടിയാണു തെരഞ്ഞെടുക്കപ്പെട്ടത്.
ഇ.കെ. നായനാർ നിയമസഭാ മാധ്യമ പുരസ്‌കാരം അച്ചടി വിഭാഗത്തിൽ വി.പി. നിസാറിനു ലഭിച്ചു. മംഗളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സ്വർഗം തേടി നരകം വരിച്ചവർ’ എന്ന പരമ്പരയ്ക്കാണു പുരസ്‌കാരം. ദൃശ്യമാധ്യമ വിഭാഗത്തിൽ കൈരളി ടി.വിയിൽ സംപ്രേഷണം ചെയ്ത ‘അടിമത്തത്തിന്റെ രണ്ടാം വരവ്’ എന്ന പരിപാടിക്ക് കെ. രാജേന്ദ്രൻ പുരസ്‌കാരത്തിന് അർഹനായി.
ജി. കാർത്തികേയൻ നിയമസഭാ മാധ്യമ പുരസ്‌കാരം അച്ചടി മാധ്യമ വിഭാഗത്തിൽ എം.ബി. സന്തോഷിനു ലഭിച്ചു. മെട്രോ വാർത്തയിൽ പ്രസിദ്ധീകരിച്ച ‘നിയമസഭയും സഭാ ടിവിയും’ എന്ന ലേഖനത്തിനാണു പുരസ്‌കാരം.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.