പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസും നവീകരിച്ച പൈതൃക മന്ദിരവും ഉദ്‌ഘാടനം ചെയ്തു

പാലോട് റേഞ്ചിലേക്ക് ഒരു ആർ.ആർ.ടി വാഹനവും വൈകാതെ ലഭ്യമാക്കും

വനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി ആളുകൾക്ക് ധൈര്യമായി കടന്നുവരാൻ കഴിയുന്ന, കൂടുതൽ ജനസൗഹൃദ ഓഫീസുകളായി ഫോറസ്റ്റ് സ്റ്റേഷനുകളെ മാറ്റുമെന്ന് വനം-വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. പൊതുജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സുതാര്യമായ ഭരണ നിർവ്വഹണ സമീപനമാണ് വനം വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പാലോട് ഫോറസ്റ്റ് റേഞ്ചിനു വേണ്ടി നിർമ്മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെയും നവീകരിച്ച പൈതൃക മന്ദിരത്തിന്റെയും ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാടിനെ സംരക്ഷിക്കുന്നതിനോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണെന്നും ആ കടമ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് സർക്കാർ നിർവ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനം-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് സർക്കാർ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായി നൂറ് ദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയാണ് ഫോറസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിച്ചതും പൈതൃക മന്ദിരം നവീകരിച്ചതും. 39.2 ലക്ഷം രൂപ വിനിയോഗിച്ച് 2200 ചതുരശ്ര അടി വിസ്തൃതിയിലാണ് റേഞ്ച് ഓഫീസ് പണി പൂർത്തിയാക്കിയത്. പൈതൃക മന്ദിരം നവീകരനത്തിനായി 12 ലക്ഷം രൂപ ചെലവഴിച്ചു.

വന്യ ജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പാലോട് റേഞ്ചിലേക്ക് ഒരു റാപിഡ് റെസ്പോൺസ് ടീമിനെ (ആർ.ആർ.ടി) രൂപീകരിക്കുമെന്നും അതിനായി ഒരു വാഹനം നൽകുമെന്നും ഡി.കെ മുരളി എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. 24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്ന, കൂട് ഉൾപ്പെടെയുള്ള രക്ഷാ പ്രവർത്തന ഉപകരണങ്ങൾ കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള വാഹനമാണ് ഇതിനായി ലഭ്യമാക്കുക. നാട്ടിലിറങ്ങുന്ന കുരങ്ങ്, മുള്ളൻപന്നി, മ്ലാവ്, പാമ്പ്, മയിൽ, കാട്ടുപന്നി, മരപ്പട്ടി തുടങ്ങിയ വന്യ ജീവികളെ വാഹനത്തിൽ കയറ്റി ഉൾവനത്തിൽ കൊണ്ട് വിടാൻ ആർ.ആർ.ടി വാഹനങ്ങൾ ഉപകരിക്കും. എം.എൽ.എ യുടെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.