മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നതിനാൽ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ജില്ലയിൽ കഴിഞ്ഞ ആഴ്ചയിലെ ശരാശരി കണക്കുകൾ പ്രകാരം ദിവസത്തിൽ 75 പേർക്ക് എന്ന തോതിലാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 2300 നും 2400 നും ഇടയിൽ പരിശോധനകൾ ദിവസവും നടത്തി വരുന്നുണ്ട്.
മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനും കൈകൾ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. പ്രായമായവരും , ഗുരുതര രോഗങ്ങളുള്ളവരിലും റിവേഴ്സ് ക്വാറന്റെയ്ൻ ശക്തമാക്കണം.അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും.
കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച പാടില്ലായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡ് രോഗബാധ പ്രായമായവരുടെ ആരോഗ്യത്തെ സങ്കീർണ്ണമാക്കാൻ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ (കരുതൽ) ഡോസ് ഇനിയും എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ എടുക്കേണ്ടതാണ്. മരണനിരക്കും, രോഗാതുരതയും കുറയ്ക്കുന്നതിൽ കോവിഡ് വാക്സിനേഷൻ വളരെയധികം സഹായിക്കുമെന്നതിനാൽ കരുതൽ ഡോസ് ഉൾപ്പടെ വാക്‌സിനേഷന്‍ എടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകേണ്ടതാണ്.
ജില്ലയിൽ ഇതുവരെ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 98% പേർക്കും (6117321 ഡോസ്) വാക്സിൻ നൽകിയിട്ടുണ്ട്. എന്നാൽ 15 മുതൽ 17 വരെ പ്രായപരിധിയിലുള്ളവരിൽ 79 % പേർ ഒന്നാം ഡോസും 53% പേർ രണ്ടാം ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ 12 മുതൽ 14 വരെ പ്രായപരിധിയിലുള്ളവരിൽ 11% പേർ ഒന്നാം ഡോസും 0.11 %പേർ മാത്രമാണ് രണ്ടാം ഡോസും സ്വീകരിച്ചിട്ടുള്ളത്. രോഗം പടർന്നു പിടിക്കുന്നതിനെ ഏതു വിധേനയും തടയുന്നതിനായി അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗ്ഗമായ വാക്‌സിനേഷൻ കുട്ടികൾക്ക് നൽകി അവരെ സുരക്ഷിതരാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദ്യാഭ്യാസവകുപ്പുമുമായി സഹകരിച്ചുകൊണ്ട് എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.