കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചിറങ്ങര ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം റോഡുകള്‍ സഞ്ചാര യോഗ്യമാക്കും. തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും. തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലായിരിക്കും ഇടത്താവളത്തിന്റെ നിര്‍മ്മാണമെന്നും മന്ത്രി. ചിറങ്ങര ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി സഹായത്തോടെ 10.76 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാകുന്നത്. മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇടത്താവളം നിര്‍മ്മിക്കുക. വിശ്രമകേന്ദ്രം, അന്നദാനമണ്ഡപം, പാചകശാല, ഓഡിറ്റോറിയം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഡോര്‍മിറ്ററി, ശുചി മുറികള്‍, വാഹന പാര്‍ക്കിങ്ങ് സൗകര്യം തുടങ്ങിയവയാണ് ഇടത്താവളത്തിന്റെ ഭാഗമായുള്ളത്.
നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 448 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 323 പുരുഷന്മാര്‍ക്കും 323 സ്ത്രീകള്‍ക്കും താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യം, ആധുനിക പാചകമുറി, ആധുനിക രീതിയിലുള്ള ശുചിമുറി, ലോക്കര്‍ റൂം, ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇടത്താവളം നിര്‍മ്മിക്കുക.
ചിറങ്ങര ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, വിവിധ ജനപ്രതിനിധികള്‍ , ദേവസ്വം ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.