ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി പി.രാജീവ്

റവന്യൂ കലോത്സവം പോലെയുള്ള കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രാപ്തരാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ റവന്യൂ കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ദീര്‍ഘകാല ഇടവേളയ്ക്കുശേഷമാണ് റവന്യു കലോത്സവം ഇത്തവണ സംഘടിപ്പിച്ചിട്ടുള്ളത്. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തതിലൂടെ ജോലിഭാരം, അതില്‍നിന്നുള്ള മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയില്‍ നിന്നും മോചനം നേടി കൂടുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയും. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതും സര്‍ക്കാര്‍ നയമാണ്. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടെ റവന്യൂ വകുപ്പിനെ നവീന ആശയങ്ങളുമായി ചടുലമായി മുന്നോട്ടുനയിക്കുന്ന റവന്യൂ മന്ത്രി കെ.രാജനെയും വകുപ്പിനേയും മന്ത്രി അഭിനന്ദിച്ചു.

സര്‍ക്കാര്‍ സംവിധാനത്തില്‍ ഫയല്‍ നീക്കത്തിലെ തട്ടുകള്‍ കുറയ്ക്കുവാനും നിയമപരമായി സങ്കീര്‍ണ്ണമല്ലാത്ത ഫയലുകള്‍ താഴേതട്ടില്‍ത്തന്നെ തീര്‍പ്പാക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ നടത്തുന്ന കലോത്സവത്തിനു മുന്നോടിയായാണു ജില്ലയില്‍ റവന്യൂ കലോത്സവം നടത്തിയത്.

മത്സരവിജയികള്‍ക്ക് മന്ത്രി പി.രാജീവും വിശിഷ്ടാതിഥിയായി പങ്കെടുത്ത നടന്‍ കുഞ്ചാക്കോ ബോബനും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.