വൈപ്പിന്‍ മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാര്‍ഡ് നവജീവന്‍ അങ്കണവാടി റോഡും ഞാറക്കല്‍ മൂന്നാം വാര്‍ഡിലെ നെല്‍സണ്‍ മണ്ടേല റോഡും നിര്‍മ്മിക്കുന്നത്.

നായരമ്പലത്തെ നവജീവന്‍ അങ്കണവാടി റോഡ് ഒന്‍പത് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. സീ ഷോര്‍ റോഡും കൊച്ചമ്പലം ടെംപിള്‍ വെസ്റ്റ് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന നവജീവന്‍ അങ്കണവാടി റോഡ് നിര്‍മ്മാണത്തോടെ പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്ന് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധി എം.പി ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി. 228 മീറ്റര്‍ നീളത്തിലാണ് റോഡിന്റെ നിര്‍മ്മാണം.

ഞാറക്കല്‍ മൂന്നാം വാര്‍ഡിലെ നെല്‍സണ്‍ മണ്ടേല റോഡ് നിര്‍മ്മാണത്തിന് പതിനൊന്ന് ലക്ഷത്തി അറുപത്തി ഏഴായിരം രൂപയാണ് ചെലവ്. 135 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന റോഡില്‍ ടൈല്‍ വിരിക്കും. 130 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാനയുമുണ്ടാകും.ശോചനീയാവസ്ഥയിലായിരുന്ന റോഡ് നിര്‍മ്മിക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നു റസിഡന്റ്സ് അസോസിയേഷന്‍ ട്രഷറര്‍ കെ.പി സേവ്യര്‍ പറഞ്ഞു. റോഡ് നിര്‍മ്മാണം ആവശ്യപ്പെട്ട് സംഘടന എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ റോഡും കാനയും വരുന്നതിലൂടെ ഗതാഗത ക്ലേശമൊഴിവാകുന്നതിനൊപ്പം പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിനും പരിഹാരമാകുമെന്ന് വാര്‍ഡ് ജനപ്രതിനിധി പ്രഷീല സാബു പറഞ്ഞു.