ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘മനസോടിത്തിരി മണ്ണ്’ കാമ്പയിന്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു.
കാമ്പയിനിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ ചെറുവട്ടൂര്‍ ആശാന്‍ കവലയില്‍ 44 സെന്റ് സ്ഥലം ലഭ്യമായിട്ടുണ്ട്. നെല്ലിക്കുഴി പൂങ്കുഴി വീട്ടില്‍ പി.ബി സമീറാണ് ഭവനരഹിതര്‍ക്ക് വീട് വച്ചുനല്‍കാന്‍ ഭൂമി വിട്ടുനല്‍കിയത്.
പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി ലൈഫ് മിഷന്‍ സി.ഇ.ഒ. പി.ബി നൂഹ് രണ്ടാഴ്ച മുന്‍പ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആന്റണി ജോണ്‍ എം.എല്‍.എയും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.
ഈ സ്ഥലത്ത് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാനാണു ശ്രമിക്കുന്നത്. ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാകുകയാണ്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. സ്വന്തമായി വീടെന്ന നാല്‍പതിലേറെ കുടുംബങ്ങളുടെ സ്വപ്നമാണ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. നെല്ലിക്കുഴിയിലെ ഭവനരഹിതരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ പദ്ധതിയാണിത്.