മന്ത്രി അഡ്വ.ജി.ആർ അനിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

ആരോഗ്യസംരക്ഷണ രംഗത്ത് ഉപയോഗിച്ചുവരുന്ന ക്ലിനിക്കൽ തെർമോമീറ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിനായി ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറി പ്രവർത്തനസജ്ജം. എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിലെ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന ലബോറട്ടറിയും സംവിധാനങ്ങളും ഭക്ഷ്യ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ വെള്ളിയാഴ്ച ( 29.04.2022) രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.

ലീഗൽ മെട്രോളജി വകുപ്പിനെ ആധുനികവത്കരിക്കുന്നതും ശക്തിപ്പെടുത്തുന്നതും ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന നൂതന പദ്ധതികളുടെ ഭാഗമായാണ് ലബോറട്ടി ഒരുക്കിയിരിക്കുന്നത്. 1.5 കോടി രൂപ ചെലവിലാണ് പദ്ധതി.

പെട്രോളിയം ഉത്പന്നങ്ങളുടെ വിപണന രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഫ്ലോമീറ്ററുകളുടെ കൃത്യതാ പരിശോധനയ്ക്കുള്ള ആധുനിക സംവിധാനവും വകുപ്പ് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. നാല് മാസ്റ്റർ ഫ്ലോമീറ്ററുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്വക്ഷയാകുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. വാർഡ് കൗൺസിലർമാരായ അഡ്വ.ഹസീന ഉമ്മർ, എം.ജെ ഡിക്സൺ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ, അഡീഷണൽ കൺട്രോളർ ആർ.റീന ഗോപാൽ, ജോയിന്റ് കൺട്രോളർ ജെ.സി ജീസൺ, തൃശൂർ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ അംഗം ആർ.റാംമോഹൻ, സി.പി.ഐ (എം) ഏരിയ കമ്മറ്റി സെക്രട്ടറി അഡ്വ.എ.ജി ഉദയകുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ് അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് , ഐ.യു.എം.എൽ മുൻസിപ്പൽ പ്രസിഡന്റ് ഹംസ മൂലയിൽ തുടങ്ങിയവർ പങ്കെടുക്കും.