യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നു ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിനപ്പുറം കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് തൊഴിൽ പരിശീലനം നൽകി മുന്നോട്ടുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥിയായിരുന്ന, അന്തരിച്ച ശാസ്ത്രജ്ഞൻ താണു പത്മനാഭന്റെ പേരിൽ അഞ്ച് കോടി ചെലവിട്ട് ഒരു നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ താണു പത്മനാഭന്റെ പേരിൽ ഒരു ഗവേഷണ സ്ഥാപനമൊരുങ്ങുന്നതും യുവതലമുറയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനായത് നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2022-23 അക്കാദമിക വർഷത്തേക്കുള്ള പാഠപുസ്തക അച്ചടി പൂർത്തിയാക്കി വിതരണത്തിനായി എത്തിച്ചത് അഭിമാനകരമാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആദ്യഘട്ട വിതരണത്തിനുള്ള 2,84,22,066 പുസ്തകങ്ങൾ എല്ലാ ജില്ലകളിലെയും വിതരണ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു. ഇവിടെ നിന്ന് കുടുംബശ്രീ മുഖേന സ്‌കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കും. വിതരണം സുഗമമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾ, സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാവിഷയങ്ങൾ, സംസ്ഥാന സിലബസിൽ അധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ കുട്ടികൾക്കുള്ള ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിലെ പാഠപുസ്തകങ്ങൾ കേരള സർക്കാരാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഏകദേശം 4.88 കോടി പുസ്തകങ്ങളാണ് ഓരോ വർഷവും വിതരണം ചെയ്യേണ്ടത്.