നവകേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന പതിനാലാം പഞ്ചവത്സരപദ്ധതിയിൽ സ്ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക പദവി ഉയർത്തുന്നതിനായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനിതാഘടക പദ്ധതി കാലികമായി നവീകരിക്കാൻ തയ്യാറാവണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സ്ത്രീകൾ നേരിടുന്ന വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആസൂത്രിതമായ ഇടപെടലുകൾ നടത്തുകയും സ്ത്രീകളുടെ ലിംഗപദവി ആവശ്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്ന വനിതാ ഘടക പദ്ധതിയിൽ കൂടുതൽ യുവതീ പ്രധാന്യം ലക്ഷ്യമിടണം. കുടുംബശ്രീ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ച സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചിന്തകൾക്ക് പ്രസക്തിയുണ്ട്. ജെൻഡർ റിസോഴ്സ് സെന്റർ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ, ജെൻഡർ ഡെസ്കുകൾ, ജാഗ്രതാ സമിതികൾ തുടങ്ങിയ സഹായക സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ രൂപീകരിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗപദവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശവും പിന്തുണയും നൽകുന്നതിനും, വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജൻസികളുടെയും ജെൻഡർ അനുബന്ധ ഇടപെടലുകൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തലത്തിലും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിലും റിസോഴ്സ് സെന്ററുകൾ രൂപീകരിച്ച് പ്രവർത്തിക്കും. എല്ലാതലത്തിലുമുള്ള തദ്ദേശസ്ഥാപനത്തിനും വനിതാ വികസന പ്രവർത്തനങ്ങളും, ജാഗ്രതാ സമിതി, ജിആർസികൾ തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ സുരക്ഷ, പരാതി പരിഹാരം, കൗൺസിലിംഗ് തുടങ്ങിയവയ്ക്കും മുഴുവൻ കുട്ടികൾക്കും ലിംഗപദവി കാഴ്ചപ്പാടിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം മുതലായവയ്ക്കുമായി ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ ജെൻഡർ ഡസ്കുകൾ സ്ഥാപിക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും, അവരുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനുമായി വാർഡ് തലത്തിലും ഗ്രാമ-നഗര ഭരണ സ്ഥാപനങ്ങളിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കണം. വനിതാ ഘടകപദ്ധതിയുടെ നവീകരണത്തിലൂടെ സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കാനുതകുന്ന വിധത്തിൽ പദ്ധതി ഏകോപനം ഉണ്ടാവണമെന്നു മന്ത്രി പറഞ്ഞു.