ദുരിതാശ്വാസ ക്യാമ്പിലെ ആശങ്കള്‍ക്ക് വിരാമമിട്ട് സുരക്ഷിത സ്വപ്ന ഭവനങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് വെങ്ങപ്പള്ളി, കോട്ടത്തറ നിവാസികളായ ആദിവാസി കുടുംബങ്ങള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിലുള്ള 49 വീടുകളിലാണ് ഇനിയിവരുടെ പ്രതീക്ഷകള്‍.
വര്‍ഷങ്ങളായി മഴക്കാലത്ത് ദുരിതങ്ങളുടെ തലച്ചുമടുമായി ഇവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളെയാണ് ആശ്രയിച്ചിരുന്നത്. മഴക്കാലങ്ങളിലെ ഇവരുടെ ദുരിത ജീവിതത്തിനാണ് ഇതോടെ അറുതിയായത്. ഇനി മഴയേയും ദുരിതങ്ങളെയും പേടിക്കാത്ത സുരക്ഷിതവും സൗകര്യപ്രദവുമായ പുതിയ വീടുകള്‍ ഇവര്‍ക്കായി തണലേകും.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയാണ് ഇവിടുത്തെ ഓരോ ഭവനങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി കുടുംബങ്ങള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമാണ് പൂര്‍ത്തിയായത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനായ ജില്ലയിലെ ആദിവാസി പുനരധിവാസ കേന്ദ്രമാണ് പുതുക്കുടിക്കുന്നില്‍ യാഥാര്‍ത്ഥ്യമായത്.
സ്വകാര്യ വ്യക്തിയില്‍ നിന്നും 1.44 കോടി രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ 7 ഏക്കര്‍ ഭൂമിയിലാണ് ഈ സ്വപ്ന ഭവനങ്ങള്‍ ഉയര്‍ന്നത്. 6 ലക്ഷം രൂപ ചെലവില്‍ 500 ചതുരശ്ര അടിയിലുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണുള്ളത്. ഗുണഭോക്താക്കളുടെ മനസ്സിനിണങ്ങിയ വീടുകള്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മിച്ചത്.
ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം, കുടിവെള്ള സൗകര്യം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഭവന പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അങ്കണവാടി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ കൂടി പുതുക്കുടിക്കുന്നില്‍ ഒരുങ്ങും.