രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം തുടങ്ങി. 82 ക്യാമ്പുകളിലായാണു മൂല്യ നിർണയം.കെമിസ്ട്രി ഉത്തര സൂചിക ചോദ്യപ്പേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കു നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ക്രമീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉത്തരസൂചിക തയാറാക്കിയ 12 അധ്യാപകർക്ക് അച്ചടക്ക നടപടികളുടെ ഭാഗമായുള്ള മെമ്മോ നൽകിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു തുടർ നടപടികൾ തീരുമാനിച്ചു. ചോദ്യകർത്താവ് തയാറാക്കിയതും ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് ചെയർമാൻ, പരീക്ഷാ സെക്രട്ടറി എന്നിവർ പരിശോധിച്ച് അംഗീകരിച്ചതുമായ ഉത്തര സൂചിക അന്തിമ മൂല്യനിർണയത്തിനായി അംഗീകരിച്ച് ഹയർ സെക്കൻഡറി പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഇതു പ്രകാരമാണ് മൂല്യ നിർണയം നടത്തേണ്ടത്. ഇക്കാര്യത്തിൽ വിദ്യാർഥികൾക്കോ രക്ഷകർത്താക്കൾക്കോ ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.