ജില്ലയിൽ 4 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി. ജില്ലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തങ്കമണിയിൽ സംഘടിപ്പിച്ച ഇടുക്കി താലൂക്ക്തല പട്ടയമേളയും തങ്കമണി സ്മാർട്ട് വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല നേരിടുന്ന സങ്കീർണമായ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കും. അതിനായി വൈദ്യുതി – തദ്ദേശ സ്വയം ഭരണ വകുപ്പ് – വനം – ജലവിഭവം – റവന്യു വകുപ്പ് മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തലും നിരവധി തവണ യോഗം ചേർന്നു പ്രശ്നങ്ങൾ ചർച്ച ചെയ്തു. സാധരണക്കാർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. അതിനുള്ള ശ്രമങ്ങളാണ് റവന്യു വകുപ്പ് നടത്തുന്നത്. ജില്ലയിൽ അയ്യായിരം പേർക്ക് ഉടനടി പട്ടയങ്ങൾ നൽകാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന ആപ്തവാകത്തിലൂന്നിയാണ് റവന്യു വകുപ്പിന്റെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ കുടിയേറ്റവും കൈയേറ്റവും ഒന്നായി കാണുന്നില്ലെന്നും അർഹരായവർക്ക് ഭൂമി നൽകുന്നതിനൊപ്പം അനർഹരിൽ നിന്ന് ഭൂമി തിരിച്ച് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ്ണ ഡിജിറ്റലൈസേഷന്റെ ഭാഗമായി സർട്ടിഫിക്കറ്റുകൾ പൊതുജനങ്ങൾക്ക് അതിവേഗം അവരുടെ കൈകളിലെത്തുന്ന നടപടിയിലേക്കാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലുടെ ലക്ഷ്യം വക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ഭൂപ്രശ്ങ്ങൾ പരിഹരിച്ച് കാലാനുസൃതമായ മാറ്റത്തിനൊപ്പം നിയമങ്ങളും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തി അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകാനാണ് സർക്കാർ ശ്രമമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എം.പി ഡീൻ കുര്യാക്കോസ് മുഖ്യാതിഥി ആയിരുന്നു. ജനങ്ങളുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്ന് എം.പി പറഞ്ഞു.

ജില്ലയിൽ 562 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ ഇടുക്കി താലൂക്കിൽ മാത്രമായി 330 പട്ടയങ്ങൾ വിതരണം ചെയ്തു.
1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 463 പട്ടയങ്ങളും 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 29, എല്‍. റ്റി ക്രയ സര്‍ട്ടിഫിക്കറ്റ് പ്രകാരം 34 പട്ടയങ്ങളും, 33 വനാവകാശരേഖ, 2 ദേവസ്വം പട്ടയം 1995 ലെ മുനിസിപ്പല്‍ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഒരു പട്ടയവുമാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും, സര്‍വ്വേ – സ്ഥല നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇപ്പോള്‍ വിതരണം ചെയ്യുന്ന 562 പട്ടയങ്ങളും ഉള്‍പ്പെടെ 5245 പട്ടയങ്ങള്‍ അടിയന്തരമായി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യും.

സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ നിയമാനുസൃതമായ ഭൂമി പതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് യോഗ്യമായ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സമഗ്ര നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 2423 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തിരുന്നു.

ജില്ലയിൽ ആനവിരട്ടി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചത്. ഇതോടെ 68 വില്ലേജ് ഓഫീസുകളിൽ 10 എണ്ണം സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തി. 26 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

തങ്കമണി
കാമാക്ഷി ഗ്രാമപഞ്ചായത്ത് റവന്യു വകുപ്പിന് സൗജന്യമായി നൽകിയ 7 സെന്റ് ഭൂമിയിൽ 1400 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 44 ലക്ഷം രൂപ ചിലവിട്ട് ആധുനിക നിലവാരത്തിലാണ് തങ്കമണി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. സേവനങ്ങൾ വേഗത്തിലും സുതാര്യവുമായി പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജന സൗഹാർദമായാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ജീവനക്കാർക്കായി പ്രത്യേക കാബിൻ, റെക്കോർഡ് റും, സെർവർ റും, പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രത്യേകം ശുചിമുറികൾ, ഫീഡിംഗ് റും, ഭിന്നശേഷികാർക്ക് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ചക്രകസേര സഞ്ചാര പാത തുടങ്ങി എല്ലാ വിധത്തിലും പൊതുജന സൗഹാർദ്ധമായാണ് വില്ലേജ് സ്മാർട്ട് ഓഫീസുകൾ നിർമ്മിച്ചിട്ടുള്ളത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗ്ഗീസ്, ഗ്രാമപഞ്ചായത്തംഗം ജോസ് തൈച്ചേരി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ ശിവരാമൻ, ജോയി കാട്ടുപാലം, ചെറിയാൻ കട്ടക്കയം എന്നിവർ സന്നിഹിതരായിരുന്നു.

* ഉപ്പുതോട്
മരിയാപുരം ഗ്രാമപഞ്ചായത്തിൽ ഉപ്പുതോട്ടിൽ 1240 ചതുരശ്ര അടി വിസ്തീർണത്തിൽ 44 ലക്ഷം രൂപ ചിലവിൽ അത്യാധുനിക സൗകര്യത്തിലാണ് ഉപ്പുതോട് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫിലിപ്പ് പെരിനാട്ട്, പി.എം ജോസഫ് , ബെനഡിക്ട് ഇടശ്ശേരികുന്നേൽ എന്നിവർ വില്ലേജ് ഓഫീസിന് വേണ്ടി നൽകിയ 7.5 സെന്റ് സ്ഥലത്താണ് സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായത്. വില്ലേജ് ഓഫീസിന് സ്ഥലം വിട്ടുനൽകിയ വ്യക്തികളെ ചടങ്ങിൽ മന്ത്രി കെ. രാജൻ ആദരിച്ചു.

ഉപ്പുതോട് സെന്റ് ജോസഫ് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ഇടുക്കി ആർഡിഒ എം.കെ ഷാജി, ത്രിതല പഞ്ചായത്തംഗങ്ങളായ പ്രിജിനി ടോമി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ ശിവരാമൻ, എം.കെ പ്രിയൻ, ടോമി ഇളംതുരുത്തിൽ, ജോബി തയ്യിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

* കഞ്ഞിക്കുഴി

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 1240 ചതുരശ്ര അടിവിസ്തീർണ്ണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസറുടെ മുറി, സന്ദർശക മുറി, റെക്കോർഡ് റും, ജീവനക്കാർക്കുള്ള പ്രത്യേക ക്യുബിക്കുകളോടെയുള്ള ഓഫീസ് മുറി, പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി പ്രത്യേകം ശുചിമുറി തുടങ്ങിയവയാണ് കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഒരുക്കിയിട്ടുള്ളത്.

കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ദേശിയ പാതാ വികസനത്തിന്റെ ഭാഗമായുള്ള സ്പെഷ്യൽ തഹസിൽദാർ എൽ എ (എൻ എച്ച്) കാര്യാലയത്തിന്റെ ഉദ്ഘാടനവും റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.
യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ആശംസ പ്രസംഗം നടത്തി. ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് സ്വാഗതം പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, ത്രിതലപഞ്ചായത്തംഗങ്ങളായ ബിനോയി വർക്കി, ഉഷ മോഹനൻ, മാത്യു ജോസഫ്, എം.എം പ്രദീപ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.