* ഒറ്റ ക്ലിക്കിൽ വിവരങ്ങളറിയാം

* സംസ്ഥാനത്ത് 22,997 സഹകരണ സംഘങ്ങൾ


സംസ്ഥാനത്ത് സഹകരണ മേഖല പുതിയ മാതൃക കൂടി സൃഷ്ടിക്കുകയാണ്. ആർക്കും എപ്പോഴും എവിടെ നിന്നും ഒറ്റക്ലിക്കിൽ കേരളത്തിലെ ഏത് സഹകരണ സംഘങ്ങളെക്കുറിച്ചും വ്യക്തമായി അറിയാനുള്ള സംവിധാനം പ്രവർത്തനസജ്ജമായി. കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (കാമിസ്-സിഎഐഎസ്) എന്ന സംവിധാനമാണ് എല്ലാ സഹകരണ ബാങ്കുകളിലും നടപ്പാക്കിയത്. മുമ്പ്, ചില സംഘങ്ങളിൽ ഓഡിറ്റിന്റെ കാര്യത്തിൽ അപാകതകളുണ്ടായിരുന്നു. ചിലർ സ്വന്തമായി തയാറാക്കിയ സോഫ്ട് വെയറുകളാണ് ഉപയോഗിച്ചിരുന്നത്. മാന്വലായി ഓഡിറ്റ് നടത്തുന്നതിലും വീഴ്ചകളുണ്ടായിരുന്നു. ഇതുമൂലമുള്ള ക്രമക്കേടുകൾക്കുള്ള അവസരങ്ങൾ ഒഴിവാക്കാനായാണ് ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തിയത്.
കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് ഡയറക്ടറേറ്റായിരിക്കും സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് നടപടികൾ പൂർത്തിയാക്കുക. ഒരു ഓഡിറ്റർ നടത്തുന്ന ഓഡിറ്റിന് പകരം ടീം ഓഡിറ്റാണ് നടപ്പാക്കുന്നത്. ഒന്നിലധികം പേർ ഉൾപ്പെടുന്ന ടീമിന്റെ നേതൃത്വത്തിലാകുമ്പോൾ ക്രമക്കേടിനുള്ള സാധ്യത കുറയും. മാത്രമല്ല ഓഡിറ്റ് ഡയറക്ടറുടെ ചുമതലയിലും മേൽനോട്ടത്തിലുമുള്ള ഓഡിറ്റാകുമ്പോൾ കൂടുതൽ കൃത്യതയും വ്യക്തതയും ഉണ്ടാകും.
ഇത്തരത്തിൽ പൂർത്തിയാകുന്ന ഓഡിറ്റ് റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഓഡിറ്റ് മോണിട്ടറിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ ഓൺലൈനിലേക്ക് അപ്‌ഡേറ്റ് ചെയ്യും. ഇതോടെ ഓരോ ജില്ലയിലും താലൂക്ക് തിരിച്ച് ഓഡിറ്റ് ചെയ്യാവുന്ന സംഘങ്ങൾ, ഓഡിറ്റ് പൂർത്തീകരിക്കാൻ ബാക്കിയുള്ള സംഘങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ലഭ്യമാകും. ഓഡിറ്റ് ചെയ്യേണ്ട സംഘങ്ങളുടെ ഡാഷ് ബോർഡ്, നിക്ഷേപം, വായ്പ, ആസ്തി, ബാധ്യതാ പത്രത്തിന്റെ ചുരുക്കം എന്നിവയും ഓൺലൈനിലൂടെ ആർക്കും എപ്പോഴും എവിടെനിന്നും പരിശോധിക്കാൻ കഴിയുന്ന പൊതുരേഖയാകും.
മാത്രമല്ല ഓഡിറ്റിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ, അതിനെതിരെ സ്വീകരിച്ച നടപടികൾ, കുറവുകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ, അവ നടപ്പാക്കിയതിന്റെ തൽസമയ വിവരങ്ങൾ എന്നിവയും ഓഡിറ്റ് റിപ്പോർട്ടിനൊപ്പം തന്നെ അറിയാൻ കഴിയും. സഹകരണസംഘങ്ങളുടെ പ്രാഥമിക വിവരങ്ങളും ഇതിനൊപ്പം ലഭ്യമാകും. രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച വർഷം, ഭരണസമിതി, ഉദ്യോഗസ്ഥർ, മൂലധനത്തെ സംബന്ധിച്ച വിവരങ്ങൾ, പൊതു വായ്പാവിവരം, പ്രവർത്തനമേഖല തുടങ്ങി സഹകരണ സംഘവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വിവരങ്ങളും ആർക്കും പരിശോധിക്കാൻ കഴിയും.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും വിവരങ്ങൾ യഥാസമയം ലഭിക്കുന്നതോടെ അടിയന്തര ഇടപെടലുകൾക്ക് അവസരം ഒരുങ്ങും. ക്രമക്കേടുകൾ നടക്കുകയോ ക്രമക്കേടുകൾക്കുള്ള സൂചനകൾ ലഭിക്കുകയോ ചെയ്താൽ അടിയന്തരമായി ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഇടപെടാനുള്ള അവസരം ഒരുങ്ങും. കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം സഹകരണ രംഗത്തെ കൂടുതൽ സുതാര്യമാക്കുകയും അഴിമതി സാധ്യത ഇല്ലാതാക്കുകയും ചെയ്യും.
സംസ്ഥാനത്ത് സഹകരണ രജിസ്ട്രാറിനു കീഴിൽ 16,112 സഹകരണ സംഘങ്ങളും ഫങ്ഷണൽ രജിസ്ട്രാറുമാർക്ക് കീഴിൽ ക്ഷീരം, കയർ, കൈത്തറി, ഖാദി, വ്യവസായം, മത്സ്യം മേഖലകളിൽ 6,885 സഹകരണ സംഘങ്ങളും പ്രവർത്തിച്ചു വരുന്നു. ആകെ 22,997 സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. മൂന്നരക്കോടി അംഗങ്ങൾ വിവിധ സഹകരണ സംഘങ്ങളിലായുണ്ട്. വായ്‌പേതര സംഘങ്ങൾ ഒഴികെയുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ ഓഹരി മൂലധനം 6400 കോടി രൂപയാണ്.