സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ പൊടി പൊടിച്ച് കച്ചവടം.
സർക്കാർ/ സർക്കാരിതര വിഭാഗങ്ങളിലായി നടന്ന വിൽപ്പനയിൽ ആകെ 26,66,363 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. മേളയിൽ കുടുംബശ്രീ ഒരുക്കിയ ഫുഡ് കോർട്ടിൽ നിന്ന് മാത്രം 10,55,580 രൂപയുടെ വിൽപന നടന്നു. കപ്പ, അപ്പം, മുരിങ്ങയില സൂപ്പ്, കോഴിക്കോടൻ സ്നാക്സ്, നെയ് പത്തിരി തുടങ്ങി നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ മേളയുടെ മുഖ്യ ആകർഷണമായത്. സർക്കാർ വകുപ്പുകളിൽ വ്യവസായം, ഖാദി, കാർഷിക വികസന കർഷക ക്ഷേമം, പട്ടികവർഗ വികസനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, കേരള വനിതാ ശിശു വികസനം, സപ്ലൈകോ, എന്നീ വകുപ്പുകൾ വിപണനത്തിൽ മുന്നിലാണ്. സർക്കാരിതര വിഭാഗങ്ങളിലായി നടന്ന വിപണനത്തിലും മേള മുന്നിട്ടു നിന്നു. നീര, ഔഷധി, കരകൗശല ഉൽപ്പന്നങ്ങൾ, എം എസ് എം ഇയുടെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങൾ എന്നിവ വിപണനത്തിൽ മുന്നിലാണ്.
