ജില്ലാ റവന്യൂ കലോത്സവത്തിന്റെ അവസാന ദിവസം ടൗണ്‍ ഹാളില്‍ നടന്ന ഒപ്പന മത്സരം കാണാന്‍ റവന്യൂമന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ ഹരിത വി കുമാറും എത്തി. അപ്രതീക്ഷിത അതിഥികളെ കണ്ടപ്പോള്‍ മത്സരാര്‍ത്ഥികളും കാണികളും ആവേശത്തിലായി. അല്‍പസമയം ഒപ്പന കണ്ട് ആസ്വദിച്ച് വിദ്യാലയ കലാലയ സ്മരണങ്ങള്‍ പരസ്പരം പങ്കുവെച്ചാണ് ഇരുവരും മടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന തിരുവാതിരക്കളി മത്സരത്തില്‍ വിജയിച്ച കലക്ടറെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
ജില്ലാതല കലാമത്സരങ്ങളുടെ അവസാനദിനത്തില്‍ വേദി ഒന്നില്‍ മോണോആക്ട്, മിമിക്രി, മൈം, ഓട്ടന്‍തുള്ളല്‍, നാടകം എന്നീ മത്സരങ്ങളും വേദി മൂന്നില്‍ ഒപ്പന, മാപ്പിളപ്പാട്ട്, നാടന്‍പാട്ട് മത്സരങ്ങളും നടന്നു. റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ നടത്തുന്ന കലോത്സവത്തിന് മുന്നോടിയായാണു ജില്ലയില്‍ റവന്യൂ കലോത്സവം നടത്തുന്നത്. ഇതോടനുബന്ധിച്ച് മെയ് ആദ്യവാരം കായിക മത്സരങ്ങളും നടക്കും. മെയ് 14 മുതല്‍ സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ കായിക മത്സരങ്ങളും 27 മുതല്‍ കലാ മത്സരങ്ങളും തൃശൂരില്‍ നടക്കും. ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ആതിഥേയരാകുന്ന തൃശൂരില്‍ അതിനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണ്. 14 ജില്ലകളിലും നടക്കുന്ന ജില്ലാ റവന്യൂകലോത്സവത്തില്‍ വിജയിക്കുന്നവരാണ് സംസ്ഥാനതലമത്സരത്തില്‍ മാറ്റുരയ്ക്കുക.