വടക്കാഞ്ചേരി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതകളിൽ ഒന്നായ കുറ്റൂർ പേരാമംഗലം റോഡ്  ബി എം, ബി സി നിലവാരത്തിലേയ്ക്ക് പുനരുദ്ധാരണം നടത്തുന്നതിന്റെ നിർമ്മാണോദ്ഘാടനം  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡ് പുനരുദ്ധാരണം പ്രവർത്തനങ്ങൾ നടത്തുന്നത്. കുറ്റൂർ പേരാമംഗലം റോഡിനായി 230ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് സിമി അജിത്കുമാർ, കോലഴി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് വികാസ് രാജ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഹരീഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ നവീൻ എ കെ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.