നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള കണ്ണൂർ ആയുർവേദ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മട്ടുപ്പാവിലൊന്നു കയറിയാലോ ….. അത്ഭുതം തോന്നുന്നുവോ…. അതാണ് വിർച്ച്വൽ റിയാലിറ്റി…. മട്ടുപ്പാവിൽ നിന്ന് ചുറ്റുപാടും നിരീക്ഷിക്കാം… മുറ്റത്തെ മീൻകുളത്തിൽ ഒന്നു നടക്കാം. കൈ നീട്ടി ഫൗണ്ടനിൽ കളിക്കാം…
നിർമ്മാണത്തിലിരിക്കുന്ന പാലക്കാട് വി.ടി ഭട്ടതിരിപ്പാട് കൾച്ചറൽ കോംപ്ലക്സ്, ടെണ്ടർ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന വൈക്കം തിയറ്റർ എന്നിവയുടെ വിർച്ച്വൽ റിയാലിറ്റി ആസ്വദിക്കാം.. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദർശന വിപണന മേളയിലാണ് കിഫ്ബിയുടെ ഈ കൗതുക സ്റ്റാൾ.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ കൗതുകം ജനിപ്പിക്കുന്ന മായ കാഴ്ച്ച ആരാംഭിക്കുന്നത് വി.ആർ ബോക്സ് മുഖത്ത് വയ്ക്കുന്നതോടെയാണ്. നിമിഷ നേരം കൊണ്ട് നാം കണ്ണൂരോ വൈക്കത്തോ പാലക്കാടോ എത്തുകയാണ്. കിഫ്ബിയുടെ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് വിംഗാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ എല്ലാ കിഫ്ബി പ്രോജക്ടുകളുടെയും വീഡിയോ അവതരണം ടെക്നോ ഡെമോ, സ്റ്റാൾ സന്ദർശിക്കുന്നവരുടെ താമസ സ്ഥലത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കിഫ്ബി കെട്ടിടങ്ങളെ കുറിച്ച് ജിഐ.എസ്. സംവിധാനത്തിലൂടെ അറിയുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.