നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ വിനിയോഗത്തില്‍ കാര്യക്ഷമമായി മുന്നോട്ടുപോകണമെന്ന് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തിയ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തില്‍ നൂറുശതമാനം നേട്ടം കൈവരിച്ച വകുപ്പുകളെ ജില്ലാ വികസന സമിതി അനുമോദിച്ചു. ജില്ലയിലെ 18 വകുപ്പുകളും ജില്ലാ പഞ്ചായത്തും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം ഫണ്ടും വിനിയോഗിച്ചു. ജില്ലയിലെ എല്ലാ വകുപ്പുകളുടെയും വാര്‍ഷികപദ്ധതി നിര്‍വ്വഹണ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്ത വകുപ്പുകള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്തി കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനുളള നിര്‍ദ്ദേശം നല്‍കി.
മെയ് 7 മുതല്‍ 13 വരെ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനുള്ള പങ്കാളിത്തം എല്ലാ വകുപ്പുകളും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
എം.എല്‍.എ മാരുടെ പ്രത്യേക വികസനനിധി, ആസ്തി വികസന ഫണ്ട് പുരോഗതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതിയും യോഗം വിലയിരുത്തി. വയനാട് പാക്കേജും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ പുരോഗതിയും എല്ലാ മാസവും ജില്ലാ വികസന സമിതി പ്രത്യേകമായി വിലയിരുത്തും.
കുറുക്കന്‍മൂലയിലും സമീപ പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ ഉടമകളായ 8 പേര്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതായി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.