എല്ലാവർക്കും സിനിമസംഗീതം സ്വപ്നമായിരുന്ന കാലത്ത്, അതിനുമപ്പുറത്തേക്ക് തന്റെ വയലിനുമായി നടന്ന് പോയ യാത്രയുടെ പേര് കൂടിയാണ് മനോജ് ജോർജ്. ആദ്യ ഗ്രാമി അവാർഡ് കിട്ടുന്ന മലയാളി, ആദ്യ ഗ്രാമി അവാർഡ് കിട്ടുന്ന ഇന്ത്യക്കാരനായ വയലിനിസ്റ്റ്..മനോജ് ജോർജ് ശരിക്കും ‘ഇന്റർനാഷണൽ’ ആണ്…

മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ, ഇന്നലെ മനോജ് ജോർജിന്റെ വയലിൻ സംഗീതമാണ് രാത്രിയെ മനോഹരമാക്കിയത്. ഗൃഹാതുരതയുടെ ഞൊറിയിട്ട “എല്ലാരും ചൊല്ലണ്” മുതൽ മലയാളവും തമിഴും മുതൽ നൂറ്റാണ്ടുകൾക്കും മുൻപേയുള്ള മൊസാർട്ടിന്റെ സംഗീതം വരെ ദേശകാലഭേദമില്ലാതെ വയലിനിലൂടെ പെയ്തു വീണു. പാടാൻ, തന്ത്രികൾ ഉള്ളപ്പോൾ മറ്റാര് വേണമെന്ന ചോദ്യം സദസിന് തോന്നിയിട്ടുണ്ടാകും. ആറ് കാലങ്ങളും, വയലിനിൽ നിന്ന് പെയ്തിറങ്ങുന്ന മാന്ത്രികത കൂടിയായിരുന്നു അത്. ‘ദൈവിക വേലിയേറ്റങ്ങൾ’ എന്നാണ് മനോജ് ജോർജിനെ ഗ്രാമി അവാർഡിന് അർഹനാക്കിയ സംഗീത ആൽബത്തിന്റെ പേര്.