കനത്ത മഴയെത്തുടർന്നു തിരുവനന്തപുരം ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി. ധർമറെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘമാണു ജില്ലയിൽ പര്യടനം നടത്തിയത്.
ആദ്യം ശംഖുമുഖത്തെത്തിയ സംഘം രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന തീരവും റോഡും സന്ദർശിച്ചു. പ്രദേശവാസികളും മത്സ്യത്തൊഴലാളികളുമായി സംഘാംഗങ്ങൾ ആശയ വിനിമയം നടത്തി. തുടർന്ന് അമരവിള കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറയിലെത്തിയ സംഘം, കനത്ത മഴയിൽ തകർന്ന റോഡുകളും മറ്റു പ്രദേശങ്ങളും സന്ദർശിച്ചു.
തുടർന്നു കേന്ദ്ര സംഘം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കു കീഴിലുള്ള മുഴിയാൻതോട്ടത്തിലെത്തി. കുലച്ചതും കുലയ്ക്കാറായതുമായ നൂറുകണക്കിനു വാഴകൾ വെള്ളം കയറി നശിച്ച നിലയിലായിരുന്നു. കർഷകരോടും പ്രദേശവാസികളോടും സംഘം വിവരങ്ങൾ ചോദിച്ചു മനസിലാക്കി. ഓണ വിപണി ലക്ഷ്യമാക്കി കൃഷിചെയ്തിരുന്ന വാഴ, പടവലം, പാവൽ, വെള്ളരി തുടങ്ങിയ വിളകളെല്ലാം മഴയിൽ നശിച്ചതു കർഷകർ കേന്ദ്ര സംഘത്തോടു പറഞ്ഞു. ചുറ്റുവട്ടത്തുള്ള തകർന്ന റോഡുകളും കാർഷിക വിളകളും സംഘം സന്ദർശിച്ചു. ചെങ്കൽ പഞ്ചായത്തിലുള്ള തകർന്ന റോഡുകളും കൃഷിയിടങ്ങളും സന്ദർശിച്ച സംഘം നെടുമങ്ങാട് പ്രദേശത്തെയും നാശനഷ്ടങ്ങൾ വിലയിരുത്തിയശേഷം പത്തനംതിട്ട ജില്ലയിലേക്കു പുറപ്പെട്ടു.
എ.വി. ധർമ റെഡ്ഡിക്കു പുറമേ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ എസ്.സി. മീണ, ആർ. തങ്കമണി, ചാഹത് സിങ്, കെ. ശ്രീവാസ്തവ, വി.വി. ശാസ്ത്രി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ) അനു എസ്. നായർ, വിവിധ തഹസിൽദാർമാർ, റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവരും സംഘാംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.