മൃഗപരിപാലന രംഗത്ത് ആന്റിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നതായും ഇതു പൊതുജനാരോഗ്യത്തിനു ഭീഷണിയായി വളരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുടപ്പനക്കുന്നിൽ സംസ്ഥാനത്തെ ആദ്യ മൾട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ തീറ്റയിലും വെള്ളത്തിലും കലർത്തി മൃഗങ്ങൾക്കു നൽകുന്ന രീതി കണ്ടുവരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു മനുഷ്യരിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ആന്റിബയോട്ടിക്ക് ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും ഇക്കാര്യത്തിൽ കർഷകർക്കു ബോധവത്കരണം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്ഷി-മൃഗാദികൾക്കുള്ള ആധുനിക ചികിത്സ കുടപ്പനക്കുന്നിലെ ആശുപത്രിയിലുണ്ടാകും. മൃഗാരോഗ്യ രംഗത്ത് സമഗ്ര പരിവർത്തനത്തിന് ഉതകുന്നതാകും ഈ ഉദ്യമം. കാർഷിക മേഖല തകർച്ചയെ അഭിമുഖീകരിക്കുമ്പോഴും മൃഗ സംരക്ഷണ വളർച്ചയാണുണ്ടായത് അഭിമാനകരമാണ്. പാൽ ഉത്പാദനത്തിൽ ഉടൻ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണു പ്രതീക്ഷ. പാൽ, മുട്ട, മാസം എന്നിവ വിഷരഹിതമായി ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകർക്കു ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനു നിയമ നിർമാണം നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തുന്നതാകും ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിൽ നടപ്പാക്കുന്ന ഇ-ഓഫിസ് സംവിധാനത്തിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. പ്രകൃതിക്ഷോഭത്തിൽ നഷ്ടമുണ്ടായ കർഷകർക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർ കൃഷ്ണൻകുട്ടി നായർ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ്. അനിൽ, ഡയറക്ടർ ഡോ. എൻ.എൻ. ശശി, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. വി. സുനിൽ കുമാർ എന്നിവരും പ്രസംഗിച്ചു.
മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നതായും പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി. ഇൻപേഷ്യന്റ് സൗകര്യം, ഐസിയു, ഗൈനക്കോളജി, സർജറി, മെഡിസിൻ വിഭാഗങ്ങൾ, പാത്തോളജി സ്‌പെഷ്യാലിറ്റികൾ, അത്യാധുനിക ലാബ് സൗകര്യം, ആംബുലൻസ് സൗകര്യം, മെഡിക്കൽ സ്‌റ്റോർ എന്നിവയും ആശുപത്രിയിലുണ്ട്.