രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ പരിപാടികള്‍ മെയ് 9ന് വൈകിട്ട് 4 മണിക്ക് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്തില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയും
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വേദിയിലും മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ് അധ്യക്ഷത വഹിക്കും. എം പിമാര്‍,എം എല്‍ എ മാര്‍, ജില്ലാ കളക്ടര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് 6.30 ന് ജില്ലയിലെ കലാകാരന്‍മാരുടെ നാടന്‍പാട്ട്, തുടര്‍ന്ന് പ്രശസ്ത കലാകാരന്‍ രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയിൽ അരങ്ങേറും. കൂടാതെ വാഴത്തോപ്പ് സ്‌കൂള്‍ മൈതാനിയില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള, കാര്‍ഷിക-വ്യവസായിക പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, കൈത്തറി മേള തുടങ്ങിയവയും മെയ്‌ 15 വരെ ഉണ്ടാകും. സൗജന്യ പ്രവേശനമാണ്. ജര്‍മ്മന്‍ ഹാംഗറിലുള്ള എ.സി എക്‌സിബിഷന്‍ സ്റ്റാള്‍, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം., ഇടുക്കിയെ അറിയാന്‍ ഡോക്യുമെന്ററികൾ തുടങ്ങിയവയും മേളയുടെ സവിശേഷതകളാണ്.

എല്ലാ ദിവസവും 5.30 മുതല്‍ പ്രാദേശിക കലാകാരന്മാര്‍ അണി നിരക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് കലാ സാംസ്‌കാരിക സന്ധ്യയും എന്റെ കേരളം അരങ്ങില്‍ നടക്കും. ഉദ്ഘാടന ദിനത്തില്‍ വൈകുന്നേരം 6.30 യ്ക്ക് രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷന്‍,
മേളയുടെ രണ്ടാം ദിനമായ മെയ് 10 ന് 6.30 യ്ക്ക് ബിനു അടിമാലിയുടെ മെഗാഷോ, മെയ് 11 ന് പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ട്, മെയ് 12ന് കലാസാഗര്‍ ഇടുക്കിയുടെ ഗാനമേള, മെയ് 13 ന് ജോബി പാലായുടെ മെഗാ ഷോ, മെയ് 14 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള, സമാപന ദിനമായ മെയ് 15 ന് പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപിന്റെ ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.