ദേശീയ തലത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായി തെരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയുടെ റാങ്കിങ് പടി പടിയായി ഉയര്‍ത്തണമെന്ന് കേന്ദ്ര വനിതാ ശിശുവികസന ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കളക്‌ട്രേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി അവലോകനം സംസാരിക്കുയായിരുന്നു അവര്‍. വരുന്ന പത്ത് മാസത്തിനുള്ളില്‍ വിവിധ വകുപ്പുകള്‍ അതതു മേഖലകളുമായി ബന്ധപ്പെട്ട ആസ്പിരേഷണല്‍ പ്രവര്‍ത്തനങ്ങളില്‍ നില മെച്ചപ്പെടുത്തണം.
നിലവിലുള്ള റാങ്കില്‍ നിന്നും സ്ഥിതി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി വകുപ്പുകള്‍ പ്രവര്‍ത്തനങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഏകോപിപ്പിക്കണം. ആറുമാസക്കാലയളവില്‍ പദ്ധതികള്‍ അവലോകനം ചെയ്ത് വിവിധ മേഖലകളിലെ നിലവിലെ വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യണം. അടിസ്ഥാന സൗകര്യ വികസനം, അങ്കണവാടികളുടെ വികസനം, ഗ്രാമങ്ങളിലെ കുടിവെള്ള ലഭ്യത, ഗര്‍ഭിണികളായ വനിതകളുടെ ക്ഷേമം, കുട്ടികളുടെ ക്ഷേമം എന്നിവയ്‌ക്കെല്ലാം മുന്‍ഗണന നല്‍കണം.
നവജാത ശിശുക്കളുടെ ആരോഗ്യ പരിപാലനം വയനാട് ജില്ലയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ആറ് മാസം വരെയുള്ള കുട്ടികളുടെ മരണനിരക്ക് പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ തീരെ ഇല്ലാതാക്കണം. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞ് പോക്കിന് പരിഹാരം കാണണം. പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നടപടിയുണ്ടാകണം. ഇതിനായുള്ള കേന്ദ്ര പദ്ധതികള്‍ താഴത്തട്ടില്‍ ശക്തമാക്കണമെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. വിവിധ വകുപ്പ് തല മേധാവികളോട് മേഖലകള്‍ തിരിച്ചുള്ള ആസ്പിരേഷണല്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി നിലവിലുള്ള വിവരങ്ങള്‍ ആരാഞ്ഞു.
ആരോഗ്യ വകുപ്പ്, വനിതാ ശിശുക്ഷേമം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. കാര്‍ഷിക മേഖലയിലെ കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കണം. ഗ്രാമങ്ങളിലേക്കുള്ള വിവരവിനിമയത്തിന്റെ പുരോഗതികളും മന്ത്രി വിലയിരുത്തി. ആശുപത്രികള്‍, അങ്കണവാടികള്‍ തുടങ്ങി വിദൂരഗ്രാമങ്ങളിലേക്കുള്ള ഇന്റര്‍കണക്ടിവിറ്റി തുടങ്ങിയ പരിഗണിക്കണമെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ജില്ലയിലെ ആസ്പിരേഷണല്‍ പദ്ധതിയുടെ പുരോഗതികള്‍ ജില്ലാ കളക്ടര്‍ എ.ഗീത മന്ത്രിയെ ധരിപ്പിച്ചു. അങ്കണവാടികള്‍ തുടങ്ങിയവയുടെ കെട്ടിട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ നടപടികളെ മന്ത്രി പ്രശംസിച്ചു. ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതിയും യോഗത്തില്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം എന്ന പദ്ധതി ജലജീവന്‍ മിഷനിലൂടെ അടുത്ത വര്‍ഷത്തോടെ ലക്ഷ്യത്തിലെന്നുമെന്നും ജില്ലാ കളക്ടര്‍ മന്ത്രിയെ അറിയിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത , ജി. പ്രിയങ്ക, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.