ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുകയും കാസര്‍ഗോഡ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചു വെച്ചു പിന്നീട് പാകം ചെയ്യുന്ന ഷവര്‍മ, ബര്‍ഗര്‍ പോലുള്ള ഹോട്ടല്‍ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. വീട്ടിലുണ്ടാക്കി സൂക്ഷിച്ചു വെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍ നിന്നും മലിന ജലത്തില്‍ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ഭക്ഷ്യ വിഷബാധ: കാരണങ്ങള്‍
മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകം ചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനോ ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കുക, ഇറച്ചി, മീന്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ലക്ഷണങ്ങള്‍
ഭക്ഷണം കഴിച്ചശേഷമുണ്ടാകു ഓക്കാനം, ഛര്‍ദ്ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്ക് ശേഷമോ രോഗ ലക്ഷണങ്ങള്‍ പ്രകടമാകാം.
ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. സാധാരണഗതിയിലുള്ള അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ നിര്‍ജലീകരണ ചികിത്സ കൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ. ആര്‍. എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. രോഗിയുടെ ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. ഛര്‍ദ്ദി ആവര്‍ത്തിക്കുക, ഒരു ദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.