സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ വിവരശേഖരണത്തിനായുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തുകയാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു നിര്‍വ്വഹിച്ചു. ഒരു വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കുടുംബശ്രീ അംഗങ്ങളെയാണ് വിവരശേഖരണ ചുമതല ഏല്‍പ്പിക്കുന്നത്. കിലാ ഫാക്കല്‍റ്റിയംഗം തങ്കമ്മ ജെ. എന്‍, സോഫി തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി ഷാജി, പഞ്ചായത്തംഗങ്ങളായ എം. എസ് ചന്ദ്രന്‍, ആര്‍ രഞ്ചിത, വൈസ് ചെയര്‍പേഴ്‌സണ്‍മാരായ സിനി രാജേഷ്, ഷാന്റി ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.