സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പീരുമേട് റെസ്‌ക്യൂ ഷെല്‍ട്ടറിന്റെ നിര്‍മ്മാണോദ്ഘാടന പ്രഖ്യാപനവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു.
അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുക എന്ന ചരിത്ര ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി. അനധികൃതമായ കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.അടിയന്തിരമായി അപകടകരമായ രീതിയില്‍ ഒരു ദുരന്തമുണ്ടായാല്‍, ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് താത്കാലികമായി താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തോടെയാണ് പീരുമേട് താലൂക്കില്‍ ഒരു റെസ്‌ക്യൂ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവചനാതീതമായ കാലാവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. വളരെ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ ഇതിനെ നോക്കികാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരാകണമെന്നും അര്‍ഹതപ്പെട്ട സേവനങ്ങള്‍ യഥാസമയം പൂര്‍ത്തീകരിച്ചു നല്‍കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും എംഎല്‍എ പറഞ്ഞു.
അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു എസ് തുടങ്ങിയവര്‍ പങ്കെടുത്തു.