വില്ലേജ്തല സമിതികള്‍ ഡിജിറ്റല്‍ സര്‍വേ ക്രമക്കേടുകളില്ലാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുടെ ആവശ്യകതയും പ്രാധാന്യവും മുന്നില്‍ കണ്ട് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കളക്ട്രേറ്റില്‍ ഏകദിന പരിശീലനത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍വേ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല വില്ലേജ്തല സമിതികള്‍ക്കാണെന്നും കളക്ടര്‍ പറഞ്ഞു.

സാങ്കേതികമായ പ്രശ്നങ്ങളെ നേരിടുവാനും ഇത്തരത്തിലെ സര്‍വേയുടെ പ്രാധാന്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗവുമായിട്ടാണ് പരിശീലനം ക്രമീകരിച്ചത്. ജില്ലയിലെ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജിലാണ് പ്രാഥമിക ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. റവന്യൂ വകുപ്പിന്റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേ. വരുന്ന നാലു വര്‍ഷംകൊണ്ട് 1550 വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കണമെന്നുള്ളതാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി 803 കോടി 27 ലക്ഷം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ജില്ലയില്‍ സര്‍വേയ്ക്ക് സഹായകരമാകുന്ന രണ്ട് കോര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്.

കോഴഞ്ചേരിയിലും ഗവിയിലുമാണ് സ്റ്റേഷന്‍. ഇതില്‍ കോഴഞ്ചേരിയിലെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന് സര്‍വേ വിഭാഗം വിലയിരുത്തി.റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീലിസ്), പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാകുമെന്നതും ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന് സര്‍വേ ഗുണകരമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടരുതെന്നും സര്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ സര്‍വേയുടെ ഉദ്ഘാടനം നടന്നിരുന്നു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. ഡ്രോണ്‍ സര്‍വേയുടെ പ്രധാന ഗുണം ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉണ്ടാകുമെന്നതാണ്. അടൂര്‍ റീസര്‍വേ സൂപ്രണ്ട് വൈ. റോയ്മോന്‍ വിഷയാവതരണം നടത്തി. സര്‍വേ അസി.ഡയറക്ടര്‍ പ്രഭാമണി അധ്യക്ഷത വഹിച്ചു.