രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം മെഗാ എക്സിബിഷന്‍ വയനാട് ജില്ലയില്‍ ഇന്ന് (ശനി) തുടങ്ങും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മെയ് 13 വരെയാണ് എക്‌സിബിഷന്‍. മേയ് 7 വൈകീട്ട് 4 മണിക്ക് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. 4.30 ന് ഉദ്ഘാടന സമ്മേളനം നടക്കും. അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി, ഒ.ആര്‍.കേളു എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ജില്ലാ കളക്ടര്‍ എ. ഗീത നഗരി സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും 9 കലാ- സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും. കാര്‍ഷിക- ഭക്ഷ്യ മേളയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിലും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 80 സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 100 വിപണന സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേളയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ മേളയും ഒരുങ്ങി.
പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 6.30 ഷഹബാസ് അമന്റെ ഗസല്‍ സംഗീത നിശ അരങ്ങേറും. നാളെ (മേയ് 8) വൈകീട്ട് 6.30 ന് ഉണര്‍വ്വ് നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങള്‍ നടക്കും.