സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം കർമപദ്ധതിയുടെ പുതിയ ആസ്ഥാന ഓഫീസ് തിരുവനന്തപുരം സ്റ്റാച്യുവിലെ ഉപ്പളം റോഡിലുള്ള ബി.എസ്.എൽ.എൽ. ഭവനിൽ പ്രവർത്തനം തുടങ്ങി. ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
സംസ്ഥാനത്തെ എല്ലാ ജനങ്ങളിലും എത്തുംവിധം നവകേരളം കർമപദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഗുണഫലം വ്യാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ഊർജ്ജത്തോടെ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇപ്പോഴുള്ള സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിതകേരളം മിഷൻ, ലൈഫ്, ആർദ്രം, വിദ്യാകിരണം എന്നീ വികസന മിഷനുകൾക്കൊപ്പം കേരള പുനർനിർമ്മാണ പദ്ധതിയും ഉൾപ്പെടുത്തിയുള്ള നവകേരളം കർമപദ്ധതി 2 ന്റെ ഓഫീസുകൾക്ക് ഒരു കേന്ദ്രം എന്ന നിലയിലാണ് പുതിയ ആസ്ഥാനം സജ്ജീകരിച്ചത്. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ ചടങ്ങിൽ അധ്യക്ഷയായി. ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ്, വിദ്യാകിരണം സി.ഇ.ഒ. ജീവൻബാബു, എസ്.എച്ച്.ആർ.സി. ജോയിന്റ് ഡയറക്ടർ ഡോ. ജിതിൻ, സി-മാറ്റ് ഡയറക്ടർ സാബു, റീബിൽഡ് കേരള അഡീഷണൽ സെക്രട്ടറി സുനിൽകുമാർ, നവകേരളം കർമപദ്ധതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഇന്ദു, വിദ്യാകിരണം മിഷൻ പ്രോജക്ട് ഓഫീസർ എസ്. ശ്രീരഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.