തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും ജില്ലാ കലക്ടർ ഹരിത വി കുമാറും. തിരുവമ്പാടി വിഭാഗത്തിൻ്റെ ഓഫീസിലെത്തിയ ഇരുവരും ഭാരവാഹികളുമായി പൂരം ഒരുക്കങ്ങൾ ചർച്ച ചെയ്തു. തിരുവമ്പാടി വിഭാഗത്തിൻ്റെ കുട നിർമാണം
പരിശോധിക്കുകയും കുടകളുടെ പ്രത്യേകതകൾ ചോദിച്ചറിയുകയും ചെയ്തു.

തുടർന്ന് പാറമേക്കാവ് ദേവസ്വം ഓഫീസിൽ എത്തിയ മന്ത്രിയും കലക്ടറും ദേവസ്വം അധികൃതരുമായി പാറമേക്കാവ് വിഭാഗത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തി. അഗ്രശാലയിൽ നടക്കുന്ന ചമയം ഒരുക്കങ്ങളും ഇരുവരും നോക്കിക്കണ്ടു.
വെൺചാമരം നിർമ്മാണം, കുട നിർമ്മാണം, നെറ്റിപ്പട്ട നിർമ്മാണം എന്നിവ പരിശോധിക്കുകയും ഓരോന്നിൻ്റെയും പ്രത്യേകതകൾ ചോദിച്ചറിയുകയും ചെയ്തു.

പൂരം എക്സിബിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസിലെത്തി ഇരുവരും
പൂരം ഒരുക്കങ്ങൾ ചർച്ച ചെയ്തു. പൂരവുമായി ബന്ധപ്പെട്ട പ്രത്യേക സജ്ജീകരണങ്ങൾ, സുരക്ഷാ മുന്നൊരുക്കങ്ങൾ എന്നിവയും മന്ത്രി വിലയിരുത്തി. പൂരം ഏറ്റവും മനോഹരമായി നടത്തുന്നതിന് സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഭാഗത്ത് നിന്ന് എല്ലാ സഹകരണങ്ങളും ഉറപ്പുനൽകിയാണ് ഇരുവരും മടങ്ങിയത്.