കയ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി അക്ഷര കൈരളിയിലെ  ശാസ്ത്ര വിദ്യാഭ്യാസ ഗ്രൂപ്പായ സയിൻഷ്യ കുട്ടികൾക്കായി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഫ്ലാഗ്ഓഫ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു.

ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വിജ്ഞാൻ സാഗറിലേക്കാണ് 30 സയൻസ് അധ്യാപകരും 70 കുട്ടികളുമായി യാത്ര പുറപ്പെട്ടത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ പാഠ്യഭാഗങ്ങൾ ഉൾപ്പെടെ നേരിട്ട് ബോധ്യപ്പെടാനുള്ള അവസരമാണ് സയിൻഷ്യ ഒരുക്കിയത്.

വിദ്യാഭ്യാസയജ്ഞം കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരകൈരളി. 2016-17ലാണ് പദ്ധതി ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി 11 ഉപഗ്രൂപ്പുകളിൽ വിദ്യാര്‍ത്ഥികളുടെ സയന്‍സ് പരീക്ഷണങ്ങള്‍ ഏകോപിപ്പിക്കുകയാണ് സയിൻഷ്യയുടെ ലക്ഷ്യം.

സയിൻഷ്യ ചെയർമാൻ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് മുഖ്യാതിഥിയായി. അധ്യാപകരായ രാജേന്ദ്രൻ, പ്രശാന്ത്, ബീന തുടങ്ങിയവരാണ് വിജ്ഞാന വിനോദ യാത്രയ്ക്ക് നേതൃത്വം നൽകിയത്.