കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും വിഷമകരമായ സാഹചര്യത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് അനുമതി ലഭിച്ച ‘അതിജീവനം’ പദ്ധതി, ‘സുഭക്ഷിത ബാല്യം സുന്ദര ബാല്യം’ പദ്ധതി, തീര്‍ഥാടനത്തിനോടനുബന്ധിച്ച് കുട്ടികളെ ഇതരസംസ്ഥാനങ്ങളില്‍നിന്നും കച്ചവട ആവശ്യത്തിനായി കൊണ്ടുവരുന്നത് തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ശരണബാല്യം’ പദ്ധതി, കുട്ടികളുടെ കലാകായിക അഭിരുചി കണ്ടെത്തി പരിശീലിപ്പിക്കുന്നതിനുള്ള ‘ദിശ’ പദ്ധതി’, ജീവിത നൈപുണ്യ പരിശീലന പരിപാടി ‘ കളര്‍പെന്‍സില്‍’, എച്ച്.ഐ.വി. ബാധിതരായ കുട്ടികള്‍ക്കുള്ള ‘സ്‌മൈല്‍ പദ്ധതി’ ഗതാഗത കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികള്‍ക്കായുള്ള ഗതാഗത നിയമ ബോധവത്ക്കരണ പരിപാടി എന്നിവ വിവിധ വകുപ്പുകളുടെയും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഈ വര്‍ഷം നടപ്പാക്കുന്നതിന് തീരുമാനിച്ചു. കുട്ടികള്‍ക്ക് കൗണ്‍സിലറുടെ സേവനം ലഭ്യമാക്കുന്നതിനും അവധി ദിവസങ്ങളിലും, പ്രവര്‍ത്തി ദിവസം വൈകുന്നേരങ്ങളിലും വീടുകളില്‍ ഒറ്റയ്ക്കായി പോകുന്ന കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ‘നാട്ടിലൊരുകൂട്ട് ‘പദ്ധതി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്നതിനും തീരുമാനിച്ചു.