തിരുവനന്തപുരം: കേരളത്തിന്റെ കാലാവസ്ഥ പഴ വർഗ്ഗങ്ങൾ കൃഷി ചെയ്യാൻ അനുയോജ്യമാണെന്നും സംയോജിത കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കൃഷിയിലൂടെ മെച്ചപ്പെട്ട നിലയിലുള്ള ജീവിതം സാധ്യമാകുമെന്ന് തെളിയിക്കണമെന്നും മന്ത്രി പറഞ്ഞു. പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഭരതന്നൂർ തണ്ണിച്ചാൽ ഡ്രാഗൺ ഫ്രൂട്ട് ഭൂമി സന്ദർശിച്ച് കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴം – പച്ചക്കറികളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്നും പഴ വർഗ്ഗങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിന് സഹകരണ ബാങ്കുകളുടെ സഹായത്തോടെ ശീതീകരണ സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് മികച്ച കൃഷി രീതികൾ അവലംബിക്കുന്നതിനെപ്പറ്റിയും മന്ത്രി സംസാരിച്ചു.
തണ്ണിച്ചാൽ വാർഡിൽ 20 ഏക്കറിൽ കൃഷി ചെയ്യുന്ന വിജയന്റെയും മൂന്നര ഏക്കറിൽ കൃഷി ചെയ്യുന്ന രത്നാകരന്റെയും തോട്ടം മന്ത്രി സന്ദർശിച്ചു. എല്ലാ വീടുകളിലും ഡ്രാഗൺ തൈ നട്ട് ‘ഡ്രാഗൺ ഫ്രൂട്ട് ഗ്രാമ’മാകാൻ തയ്യാറെടുക്കുകയാണ് തണ്ണിച്ചാൽ വാർഡ്. ഇതുവരെ വാർഡിൽ 56 ലധികം ഏക്കറിൽ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയതായി ഡ്രാഗൺ കൃഷിയിലേക്ക് വരുന്നവർക്ക് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഹെക്ടറിന് 30,000 രൂപ വരെ കൃഷി ഭവൻ വഴി സബ്‌സിഡി നൽകും.
ഡി. കെ മുരളി എം.എൽ.എ മന്ത്രിയെ അനുഗമിച്ചു. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർഷക സംഘം ‘കർഷക ചർച്ച’ സംഘടിപ്പിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കർഷക സംഘം പ്രസിഡന്റ് വി.എസ് പത്മകുമാർ, മാണിക്കൽ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ ചെയർമാൻ എം.എസ് രാജു, രാഷ്ട്രീയ പ്രവർത്തകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.