തിരുമല 110 കെ. വി.ജി.ഐ.എസ് സബ്‌സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

സുസ്ഥിര ഭരണം, മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ മേഖല എന്നിവ പോലെ നീതിആയോഗ് നിശ്ചയിച്ചിട്ടുള്ള പ്രധാന സൂചികയിൽ മികവാർന്ന പ്രകടനം കാഴ്ച വെച്ച ഒരു മേഖലയാണ് വൈദ്യുത മേഖലയെന്നും പ്രസരണ വിതരണ മേഖലയിൽ പൊതുമേഖലാ സ്ഥാപനമായ കെ.എസ്. ഇ. ബി യുടെ പ്രകടനം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തിരുമല 110 കെ.വി ജി.ഐ.എസ് സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി.

നിലവിൽ കാട്ടാക്കട 220 കെ.വി. സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതിയാണ് തിരുമലയിൽ എത്തുന്നത്. പ്രസ്തുത സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുത ലൈനുകളെ തിരുമല സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ വേണ്ട നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

ഉയർന്ന വോൾട്ടതയിലേക്കു മാറ്റപ്പെടുന്ന നാല് 66 കെ.വി. ലൈനുകൾക്കും നിലവിലുള്ള ആറ് ട്രാൻസ്ഫോർമറുകൾക്കും രണ്ടു 110 കെ.വി ലൈനുകൾക്കും വേണ്ട ഗ്യാസ് ഇൻസുലേറ്റഡ് ബേകളും, അതിനായുള്ള കെട്ടിടവും മറ്റനുബന്ധ ഉപകരണ ശൃംഖലകളും അടങ്ങിയതാണ് ഈ നവീകരണ പദ്ധതി. 38.26 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ഈ പദ്ധതി 2023 ഡിസംബർ 31 നുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ തിരുമല സബ്സ്റ്റേഷനിലേക്ക് രണ്ട് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നും വൈദ്യുതി എത്തിക്കാനാകും. തിരുവനന്തപുരം നഗരസഭയിലെ പുന്നയ്ക്കാമുഗൾ, മുടവൻമുഗൾ, നെടുങ്കാട്, കരമന, പൂജപ്പുര, പാപ്പനംകോട്, തിരുമല, ജഗതി തുടങ്ങിയ വാർഡുകളിലെ എല്ലാ ഉപഭോക്താക്കൾക്കും തടസ്സ രഹിതമായതും ഗുണമേന്മയുള്ളതുമായ വൈദ്യുതി എത്തിക്കാൻ ഈ പദ്ധതി വഴി കഴിയും.

തിരുമല കാർത്തിക കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എസ്. ഇ. ബി പ്രസരണവിഭാഗം – സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ്, ട്രാൻസ്‌മിഷൻ സൗത്ത് ചീഫ് എഞ്ചിനീയർ മേരി ജോൺ, പുന്നയ്ക്കാമുഗൾ വാർഡ് കൗൺസിലർ മഞ്ജു പി.വി, ജനപ്രതിനിധികൾ, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.