അഞ്ച് സ്മാര്‍ട്ട് അംഗന്‍വാടികളുടെ ഉദ്ഘാടനവും നടന്നു

സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്ന’എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ മുന്‍സിപ്പല്‍തല ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു.

വിപുലമായ ഈ പദ്ധതിയിലൂടെ 20 ലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടാനുള്ള വഴി തെളിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും സാങ്കേതികപരിജ്ഞാനമുള്ളവര്‍ക്കും സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ തൊഴില്‍ സാധ്യതകളും തൊഴിലവസരങ്ങളും സ്മാര്‍ട്ട് ഫോണിലൂടെ അറിയാന്‍ കഴിയുന്ന തരത്തില്‍ സമഗ്രമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടമായി കേരള നോളേജ് ഇക്കോണമി മിഷന്‍ മെയ് എട്ട് മുതല്‍ 15 വരെ സര്‍വ്വേ നടത്തും. ഇതിലൂടെഅഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതരെ കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. 200 പേര്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന അനുപാതത്തിലാണ് സര്‍വ്വേ നടത്തുന്നത്.

നെടുമങ്ങാട് നഗരസഭയുടെ പരിധിയിലെ അഞ്ച് സ്മാര്‍ട്ട് അംഗന്‍വാടികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പത്താംകല്ല്, പരിയാരം, മണക്കോട്, തറട്ട, കുശര്‍കോട് എന്നിവയാണ് സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റിയത്. കുട്ടികള്‍ക്ക് ഉത്സാഹത്തോടെപഠിക്കാനും കളിക്കാനുമുള്ള സൗകര്യങ്ങള്‍ എല്ലാ അംഗന്‍വാടികളിലും ഒരുക്കുമെന്നും ഈ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.നെടുമങ്ങാട് പത്താംകല്ലിലും മണക്കോടുമായി നടന്ന പരിപാടിയില്‍ നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, നഗരസഭ അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.