ഓരോ കൃഷി ഭവനും ഓരോ മാർക്കറ്റ് (വിപണി ) കൂടിയാകണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്. നമുക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിച്ചു സ്വയം പര്യാപ്തതയിലെത്താൻ നമുക്കാവണം. ഓരോ പഞ്ചായത്തുകളിലും ഒരു കാർഷിക വിപണി എന്ന നിലയിലേക്ക് നമ്മൾ വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ കേരളം ജില്ലാ തല വാർഷികാഘോഷങ്ങളുടെ ഭാഗമായി സുഭിക്ഷ കേരളം -കൃഷിയും മൃഗ സംരക്ഷണവും ക്ഷീര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊത്തം ഉത്പാദനത്തിന്റെ 25 ശതമാനം മാത്രമേ  ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്നുള്ളു. അതിൽ മാറ്റം വരേണ്ടതുണ്ട്. പച്ചക്കറി ഉത്പാദനത്തിൽ നമ്മൾ ഏറെ പിന്നിലാണ്. ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുന്നതിൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വയം പര്യാപ്തതയിൽ എത്തേണ്ടിയിരിക്കുന്നു. അതിനായി ഇനിയും കൂടുതൽ ദൂരം പിന്നിടേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചചേർത്തു. തൊടുപുഴ ബ്ലോക്കിന്റെ സോയിൽ ഹെൽത്ത്‌ കാർഡും ചടങ്ങിൽ വിതരണം ചെയ്തു.

ജില്ലയുടെ കാലാവസ്ഥയും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയും വൈവിധ്യമർന്ന കാർഷിക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കാൻ അനുയോജ്യമാണെമെന്നതാണ് ജില്ലയുടെ ഏറ്റവും വലിയ സവിശേഷത. ആധുനിക കാർഷിക രീതിയായ കാർബൺ ന്യൂട്രൽ ഫാമിങ് വിദേശ രാജ്യങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. ഇത് നമ്മുടെ നാട്ടിലും നടപ്പിലാക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള പരിശീലന ക്ലാസുകൾ സംസ്ഥാനത്ത് ഉടനീളം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പരമാവധി കീടനാശിനി, രാസവള പ്രയോഗം കുറച്ചു ജൈവ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്.
ടൂറിസം രംഗത്തും കൃഷി മേഖലക്ക് വളരെ വലിയ സംഭാവനകൾ നൽകാനാകും. ഫാം ടൂറിസം, ജൈവ കൃഷി ഇവയ്ക്കെല്ലാം കൂടുതൽ പ്രാധാന്യം കൈവരികയാണ്.

സംയോജിത കൃഷിരീതിയിൽ നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും മൂല്യവർധിത വസ്തുക്കൾ ഉൽപാദിപ്പിക്കാനും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും നമ്മൾ പ്രാപ്തരാകണമെന്നും സെമിനാർ നിർദ്ദേശിക്കുന്നു.
വാഴത്തോപ്പ് ജി. വി. എച്ച്. എസ്. എസ് സ്കൂൾ മൈതാനിയിലെ ”വേദിയിൽ നടത്തിയ സെമിനാറിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ.നിശാന്ത്‌ പ്രഭ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം. എൽ. ജോർജ്ജ്, എന്നിവർ വിഷയം അവതരിപ്പിച്ചു. ആധുനിക കൃഷിരീതികൾ, ജില്ലയ്ക്ക് അനുയോജ്യമായ കൃഷി രീതികൾ കാർബൺ ന്യൂട്രൽ ഫാമിങ്, ഫാം ടൂറിസം, സമയോജിത കൃഷിരീതി, മൂല്യവർധിത വസ്തുക്കളുടെ ഉത്പാദനം, മാലിന്യസംസ്കരണം, എന്നിവയെക്കുറിച്ചും വിശദമായി സംസാരിച്ചു.