ഹൈടെക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ്
ഇ-ലാംഗ്വേജ് സ്‌കൂളുകളില്‍ പ്രയോജനപ്പെടുത്തുന്നതിനായി അധ്യാപകര്‍ക്ക് അവധിക്കാലത്ത് നല്‍കുന്ന ദ്വിദിന ഐടി പരിശീലനം തുടങ്ങി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതുവാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും രസകരമായ കഥകള്‍ കേള്‍ക്കാനും വായിക്കാനും ധാരാളം പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവില്‍ വിദ്യാലയങ്ങളില്‍ ലഭ്യമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സൗകര്യം പോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍. പത്ത് സെഷനുകളിലായാണ് ദ്വിദിന ഐ.ടി പരിശീലനം പ്രൈമറി അധ്യാപകര്‍ക്കായി കൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 3 പരിശീലന കേന്ദ്രങ്ങളിലായി 54 ഡി.ആര്‍.ജിമാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. അധ്യാപക പരിശീലനത്തിന് ഇത്തവണ സമഗ്രമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റവും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്‌ട്രേഷനും, ഷെഡ്യൂളിംഗും, ബാച്ച് തിരിച്ചുള്ള അറ്റന്‍ഡന്‍സ്, അക്വിറ്റന്‍സ്, സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കലും ഫീഡ് ബാക്ക് ശേഖരിക്കലുമെല്ലാം ഇതുവഴിയാണ് നല്‍കുന്നത്. മെയ് 31 വരെ നീളുന്ന ഐടി പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 2455 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്