വനിതകള്‍ക്കും കുട്ടികള്‍ക്കും ആക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള മര്‍മ്മ വിദ്യകളുമായി പോലീസ് വനിതാ സെല്‍. കല്‍പ്പറ്റയിലെ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ പ്രദര്‍ശന-വിപണന മേളയില്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ് പോലീസിന്റെ ഈ സ്റ്റാള്‍. കേരള പോലീസ് വനിതാ സെല്ലുമായി സഹകരിച്ചാണ് ക്ലാസുകള്‍ നല്‍കുന്നത്. പ്രധാനമായും കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന ഡെമോന്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ക്ക് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സ്വയം പ്രതിരോധത്തിന്റെ ആദ്യ ചുവടുകള്‍ പഠിപ്പിക്കുകയുമാണ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്. ബസ്സുകളിലും പൊതുഇടങ്ങളിലും മറ്റും നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ എങ്ങനെയെല്ലാം തടുക്കാം എന്നതിനെ പ്രാക്ടിക്കല്‍ ക്ലാസുകളിലൂടെ വിശദീകരിക്കുകയാണ് കേരളപൊലീസ്. കല്‍പ്പറ്റ വനിതാസെല്ലിലെ വി.ഫൗസിയ, എം.രേഷ്മ, ബി.ശ്രീജിഷ, ജെ.ജെഷിത എന്നിവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകളിലും മറ്റു ഇടങ്ങളിലും ഇവരുടെ ക്ലാസ്സുകളും സേവനങ്ങളും ലഭ്യമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണനത്തിനായി വയനാട് ജില്ലാ പോലീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ ഈ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്. വനിതാ സെല്‍, വനിത സ്വയം പ്രതിരോധ പരിശീലനം, വനിതാ ഹെല്‍പ്പ് ലൈന്‍, വുമണ്‍ ഡെസ്‌ക്, പിങ്ക് പ്രൊട്ടക്്ഷന്‍ പ്രോജക്ട്, നിര്‍ഭയം ആപ്ലിക്കേഷന്‍, അപരാജിത ഓണ്‍ലൈന്‍, ചിരി പ്രൊജക്ട്, ഹോപ്പ് പ്രോജക്ട്, ശിശു സൗഹൃദ പോലീസ് സ്‌റ്റേഷന്‍ എന്നിങ്ങനെയാണ് കുട്ടികളുടെയും സ്തരീകളുടെയും സംരക്ഷണനത്തിനായുള്ള പദ്ധതികള്‍.