എന്‍റെ കേരളം വാർഷികാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് – റിഹാബ് എക്സ്പ്രസ്സിന്‍റെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആലപ്പുഴ ബീച്ചിലാണിത് സജ്ജമാക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഫിസിയോതെറാപ്പി, കേൾവി പരിശോധന, സ്‌പീച് തെറാപ്പി, ഒക്കുപേഷനൽ തെറാപ്പി, സഹായ ഉപകരണ നിർണയ പരിശോധന തുടങ്ങിയ സേവനങ്ങൾ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ പ്ര‍ദര്‍ശന വേദിയുടെ കവാടത്തിനു സമീപം റിഹാബ് എക്സ്പ്രസ്സിന്‍റെ സേവനം ലഭ്യമാണ്. സമൂഹ്യ നീതി വകുപ്പിന്‍റെ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ആണ് റിഹാബ് എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്.