ആലത്തൂര്‍ കഞ്ഞി അരി, മഞ്ഞളെണ്ണ, വന്‍ തേന്‍, കാപ്പിതടിയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍,മുളയില്‍ നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍ , ലെറ്റര്‍ ബോക്‌സ് ഇങ്ങനെ നീളുന്നു എന്റെ കേരളത്തിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സ്റ്റാള്‍. മുത്തങ്ങ വന്യജീവി സങ്കേതത്തിന് സമീപം സ്ഥിതി ചെയുന്ന ആലത്തൂര്‍ ആദിവാസി ഗ്രാമത്തില്‍ തനതു ശൈലിയില്‍ വിളയിച്ചെടുത്ത മികച്ചയിനം നെല്ലില്‍ നിന്നും ഉല്‍പാദിപ്പിച്ചെടുത്ത രുചികരമായ കഞ്ഞി അരിയാണ് ആലത്തൂര്‍ കഞ്ഞി അരി. ചുണങ്ങ് തുടങ്ങിയ ത്വക് രോഗങ്ങള്‍ എന്നിവക്കുപയോഗിക്കുന്ന മഞ്ഞള്‍ എണ്ണ
വികസിപ്പിച്ചെടുത്തത് പുല്‍പള്ളി വന്‍ ധന്‍ വികാസ് കേന്ദ്രയാണ്. വന്‍ ധന്‍ വികാസ് കേന്ദ്രയുടെ കീഴില്‍ പരിശീലനം ലഭിച്ച ആദിവാസി വിഭാഗം കാട്ടില്‍പോയി ശേഖരിച്ച വന്‍ തേന്‍, തനി തേന്‍ എന്നിവയ്ക്ക് ഇവിടെ ആവശ്യക്കാര്‍ ഏറെയാണ്.
ആര്‍ട്ടിസ്റ്റ് ശിവന്‍ തൃക്കൈപ്പറ്റയുടെ നേതൃത്വത്തില്‍ കാപ്പി തടിയില്‍ തീര്‍ത്ത വിവിധ കരകൗശല വസ്തുക്കള്‍, സ്റ്റാന്‍ഡുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവ സ്റ്റാളിന്റെ പ്രധാന ആകര്‍ഷണമാണ്. പുട്ടുകുറ്റി, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ബോക്‌സ് എന്നിങ്ങനെ മുട്ടിലിലെ അരിവാള്‍ രോഗ ബാധിധരായ ഗോത്ര വിഭാഗക്കാര്‍ മുളയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഈ സ്റ്റാളിലുണ്ട്. വയനാടിന്റെ മാത്രം തനത് ഉത്പന്നങ്ങളുമായി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം എന്റെ കേരളം പ്രദര്‍ശന മേളയില്‍ വേറിട്ട വിഭവങ്ങള്‍കൊണ്ട് ശ്രദ്ധനേടുന്നു.
