ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച 50 ക്യുമെക്‌സ് ജലം തുറന്നുവിട്ടുകൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഡാമിന്റെ ഒരു ഷട്ടർ തുറന്നത്. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് ഷട്ടർ തുറന്നുതന്നെ വയ്ക്കുകയും വെള്ളിയാഴ്ച രാവിലെ 7ന് രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയും ചെയ്തു. 11.30 ഓടെ ഷട്ടറുകൾ ഒരു മീറ്റർ വീതമായി ഉയർത്തി 300 ക്യുമെക്‌സ് വെള്ളവും ഉച്ചക്ക് 1.30ഓടെ 400, 500, 600 ക്യുമെക്‌സ് വീതം ഘട്ടം ഘട്ടമായി ഉയർത്തി. എല്ലാ ഷട്ടറുകളും തുറന്ന് 600 ക്യുമെക്‌സ് ജലം തുറന്നുവിട്ടു തുടങ്ങി. ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന വഴികളെല്ലാം നിയന്ത്രണാധീനമാണെന്നും ജനങ്ങളുടെ രക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിൽ ബാധിക്കപ്പെടാവുന്ന വീടുകളിൽ താമസിക്കുന്നവരെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർക്കുവേണ്ടിയും കാലവർഷ കെടുതി അനുഭവിക്കുന്നവർക്കുവേണ്ടിയും ഇടുക്കി താലൂക്കിൽ 7 ക്യാമ്പുകളാണ് തുറന്നത്. അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം തുറന്നിട്ടുണ്ട്. പണിക്കൻകുടി ജി.എൽ.പി.എസിൽ 52 ഉം പന്നിയാർകുട്ടി എൽ.പി.എസിൽ 62ഉം മുള്ളരിക്കുടി ജി.എൽ.പി.എസിൽ 24 പേരും മനിയറ അംഗൻവാടിയിൽ 6 പേരും, മുനിയറ എൽ.പി.എസിൽ 96 ഉം, കീരിത്തോട് പാരിഷ് ഹാളിൽ 233 ഉം ക്രിസ്തുരാജ പാരീഷ്ഹാളിൽ 75 ഉം പേർ താമസിക്കുന്നുണ്ട്.