മുഖ്യന്ത്രി പിണറായി വിജയൻ, വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ, ജില്ലാ കളക്ടർ ജീവൻ ബാബു.കെ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ആഴ്ചകൾ നീണ്ട സജ്ജീകരണങ്ങളാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വകീരിച്ചത്.  ജൂലൈ 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ ഒരുക്കങ്ങൾ  വിലയിരുത്തി. തുടർന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ 28 ന് കളക്ടേറ്റിൽ വിവിധ വകുപ്പു തലവ•ാരുടെ യോഗം വിളിച്ചുചേർത്ത് ഒരുക്കങ്ങളുടെ  ഓരോ വിശദാംശങ്ങളും പരിശോധിച്ചു. അന്ന് തന്നെ ഉദ്യോഗസ്ഥ സംഘം ഡാം തുറന്നാൽ വെള്ളമൊഴുകുന്ന സ്ഥലങ്ങളെല്ലാം നേരിട്ട് പരിശോധിച്ച് എത്ര വീടുകളെയും സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് കണ്ടെത്തി. 29ാം തിയതി ഇടുക്കി താലൂക്ക് ഓഫീസിൽ ഉദ്യോഗസ്ഥതലത്തിൽ അതുവരെയുള്ള പ്രവർത്തനം അവലോകനം ചെയ്യുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.  30 ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അന്തിമമായി വിലയിരുത്തിയശേഷം ബാധിക്കപ്പെടുന്ന പ്രദേശങ്ങളിൽ നേരിട്ട് ചെന്ന് വീടുകളിൽ  നോട്ടീസ് നൽകുകയും മാറിത്താമസിക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഓഗസ്റ്റ് ഒമ്പതാം തീയതി ട്രയൽ റൺ ആരംഭിച്ചത്.
ആരോഗ്യരക്ഷയ്ക്ക് വിപുലമായ സജ്ജീകരണങ്ങൾ
ആരോഗ്യ രക്ഷ ഉറപ്പാക്കാനായി വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നിവിടങ്ങളിലെ എല്ലാ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കി. ചെറുതോണി, തടിയമ്പാട്, കീരിത്തോട്, എന്നിവിടങ്ങളിൽ മൊബൈൽ യൂണിറ്റുകളുണ്ട്. ആവശ്യമായ മരുന്നുകളും സ്റ്റാഫിനെയും ഒരുക്കിയിട്ടുണ്ട്.  വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസകൾ മലിനമായാൽ ശുദ്ധീകരിക്കാൻ ബ്ലീച്ചിങ് പൗഡറും ക്ലോറിൻ ടാബ് ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഫയർ ആൻഡ് റെസ്‌ക്യു
ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജരായി ഫയർ ആൻഡ് റെസ്‌ക്യൂ ടീം ചെറുതോണിയിലും പരിസരപ്രദേശത്തും നിലയുറപ്പിച്ചിരിക്കുകയാണ്. കരിമ്പൻ ചപ്പാത്ത്, പനംകുട്ടി, കീരിത്തോട്, ചെറുതോണി പാലം, തടിയമ്പാട്, വിമലഗിരി, ഇടുക്കി എന്നിവിടങ്ങളിലായി 51 പേരടങ്ങിയ  ഫയർ ആൻഡ് റെസ്‌ക്യു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കിയിൽ സ്‌കൂബാ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.  മൂന്ന് ആംബുലൻസും ഒരു സ്‌കൂബാ വാനും ഉൾപ്പെടെ 10 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ആർമിയും ദുരന്തനിവാരണസേനയും രംഗത്ത്
ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയും 49 സേനാഗങ്ങളും നാലു ഓഫീസർമാരും  ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ അടിമാലി, മാങ്കുളം, പള്ളിവാസൽ, കൊന്നത്തടി എന്നിവയിലും ചെറുതോണിയിലും കരിമ്പനിലുമായി  കർമരംഗത്തുണ്ട്. 75 പേരടങ്ങിയ ആർമി സംഘം അടിമാലിയിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.
പോലീസ് സേനയും സുസജ്ജം
ആറ് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 200ഓളം പേരടങ്ങിയ പോലീസ് സംഘമാണ് ചെറുതോണിയിലും പരിസരത്തും കർമ്മനിരതമായിരിക്കുന്നത്. ആറ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അറ് ഇൻസ്‌പെക്ടർമാരും 10 എസ്.ഐമാരും 172 പോലീസുകാരും ആണ് സംഘത്തിലുള്ളത്.