സ്ത്രീധന പീഡനത്തിനെതിരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെയും ശബ്ദിച്ച് വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സെമിനാര്‍.എന്റെ കേരളം മെഗാ പ്രദര്‍ശനമേളയുടെ സമാപന ദിവസം വിപുലമായ സ്ത്രീജന പങ്കാളിത്തത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്.ഇതിനെതിരെ സമൂഹം കണ്ണുതുറക്കുന്ന വിധത്തില്‍ നമ്മുടെ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കേണ്ടതുണ്ട്.

സ്ത്രീധന നിരോധന നിയമവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങളെ കുറിച്ചു സെമിനാറില്‍ ചര്‍ച്ച ചെയ്തു.ജില്ലാ വനിതാശിശുവികസന ഓഫീസര്‍ കെ.വി ആശ മോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ: ഗ്ലോറി ജോര്‍ജ്ജ് വിഷയാവതരണം നടത്തി.സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യതയും മാന്യതയും ഉറപ്പുവരുത്തണം,അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം,സ്ത്രീ ശാക്തീകരണം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ നിയമ പിന്തുണയുണ്ടെങ്കില്‍ കൂടി അക്രമണത്തിന് വിധേയമാകുന്നവര്‍ക്ക് പലപ്പോഴും നീതി ലംഘിക്കപ്പെടുന്നുണ്ട്.

സ്ത്രീകളെ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. 1961 ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം, 2006-ല്‍ വന്ന ഗാര്‍ഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹനിരോധന നിയമം, 2013 ല്‍ വന്ന തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമം തുടങ്ങിയ നിയമങ്ങളെ കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ പലഭാഗങ്ങളില്‍ നിന്ന് വന്ന അധ്യാപികമാര്‍, സര്‍ക്കാര്‍ ജീവനക്കാരികള്‍, അങ്കണവാടി ജീവനക്കാരികള്‍ തുടങ്ങിയവരാണ് സെമിനാറില്‍ പങ്കെടുത്തത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, വികസനം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങള്‍ സെമിനാര്‍ വിലയിരുത്തി. പത്തോ അതിലധികമോ ജീവനക്കാര്‍ പ്രവര്‍ത്തിയെടുക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത തൊഴിലിടം ഒരുക്കാനും ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം. പത്തില്‍ താഴെയാണെങ്കില്‍ ജില്ലാ കളക്ടര്‍മാര്‍ രൂപീകരിച്ചിടുള്ള ജില്ലാതല ലോക്കല്‍ കമ്മിറ്റികളിലും അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ സാധിക്കും,സ്ത്രീകള്‍ക്കെതിരെയും കൂട്ടികള്‍ക്കെതിരെയും ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ അധ്യാപകരിലൂടെ കുട്ടികളിലേക്ക് പ്രായോഗിക അറിവ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ജില്ലാ ഐ.സി.ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്സത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ മായ.എസ്.പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.