രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കലാസന്ധ്യകള്‍ ജനം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. നിശ്ചിത സമയത്തിനപ്പുറത്തേക്കും പരിപാടികള്‍ നീളുമ്പോഴും വേദി കലാസ്വാദകരാല്‍ നിറഞ്ഞുതന്നെ.
ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം രാത്രി അരങ്ങേറിയ ഇന്ത്യന്‍ ഗ്രാമോത്സവം കാണികളെ ആവേശം കൊള്ളിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തരൂപങ്ങളാണ് ഇവിടെ അരങ്ങേറിയത്. തൊട്ടുമുമ്പു നടന്ന അജിത്ത് വേണുഗോപാലിന്റെ ഗസല്‍ സന്ധ്യയിലും ശ്രോതാക്കള്‍ ഏറെയായിരുന്നു.

വൈകിട്ട് 4.30 മുതലാണ് കലാവേദി ഉണരുന്നത്. പാരമ്പര്യ കലകളായിരുന്നു ഉദ്ഘാടന ദിനത്തില്‍ അവതരിപ്പിച്ചത്. പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ് എന്നിവയ്‌ക്കൊപ്പം തായില്ലം തിരുവല്ലയുടെ നാടന്‍ പാട്ടും ദൃശ്യവിരുന്നും കൂടിയായപ്പോള്‍ ആദ്യദിനം കൊഴുത്തു. രണ്ടാം ദിനത്തില്‍ കാലന്‍കോലം പടയണിയും വേലകളിയും ബോഡുബെറു നാടന്‍ സംഗീതവും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രി അവതരിപ്പിക്കപ്പെട്ട ഇരുട്ട് നാടകം പ്രേകഷകര്‍ക്ക് പുതിയ കാഴ്ചപ്പാട് പകര്‍ന്നു നല്‍കുന്നതായി. ജീവിതത്തിലേക്ക് കടന്നുവരുന്ന ഇരുട്ടിനെ വെളിച്ചം കൊണ്ട് മറികടക്കേണ്ടതിന്റെ ആവശ്യകത ചിത്രീകരിച്ചതായിരുന്നു നാടകം. നാളെ ജുഗല്‍ബന്ദിയും പോലീസ് ടീമിന്റെ ഗാനമേളയും പാട്ടുവഴിയും അരങ്ങിലെത്തും. നാളെ വൈകിട്ട് നാലിനാണ് കോമഡി മിമിക്രി മഹാമേള. ശേഷം വിതുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. സമാപന ദിവസം കലാസാംസ്‌കാരിക പരിപാടികളും നാടന്‍പാട്ടുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.