ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിറ്റ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

തിങ്കൾ മുതൽ ശനി വരെ യഥാക്രമം വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്. കോവിഡ് മൂലം ഞായറാഴ്ചകളിലെ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണു ഞായറാഴ്ചയും ലോട്ടറി വീണ്ടും ആരംഭിക്കുന്നതെന്നു ഫിറ്റ്റ്റി – ഫിഫ്റ്റിയുടെ പ്രകാശനം നിർവഹിച്ച് ധനമന്ത്രി പറഞ്ഞു. ടിക്കറ്റുകൾ ഇന്നു (16 മേയ്) മുതൽ ലഭിക്കും. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്. ഏജന്റുമാർക്കു സൗകര്യപ്രദമായ ബുക്കുകൾ നൽകുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.
കേരള ലോട്ടറിയെ ഉപയോഗിച്ച് ഓൺലൈനിലടക്കം നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരള ലോട്ടറിയുടെ ആകർഷണീയത ഉപയോഗിച്ചാണ് ഇത്തരം ദുരുപയോഗം നടക്കുന്നത്. ഒരേ നമ്പർ ഒന്നിച്ചു കെട്ടാക്കി ടിക്കറ്റുകൾ വിൽക്കുന്ന പ്രവണതയും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ സർക്കാർ ശക്തമായ നടപടിയെടുക്കും. ലോട്ടറിയടിക്കുന്നവർക്കു തുക കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച പരിശീലനം നൽകുന്നതിനെക്കുറിച്ചു വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ വിൽപ്പനയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ലോട്ടറി ഏജന്റുമാർ മന്ത്രിയിൽനിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി. ലോട്ടറി ഡയറക്ടർ എബ്രഹാം റെന്നും ചടങ്ങിൽ പങ്കെടുത്തു.