പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി, ഡയറ്റ്, സമഗ്രശിക്ഷ കേരളം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അവധിക്കാല അധ്യാപക സംഗമം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യലായി നടത്തും. പരിശീലനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനായി ആദ്യഘട്ടത്തില്‍ എല്‍.പി വിഭാഗം അധ്യാപകര്‍ക്കായി 40 പേരടങ്ങുന്ന രണ്ട് ബാച്ചുകളിലായാണ് റെസിഡന്‍ഷ്യല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. മെയ് 17 മുതല്‍ 19 വരെ കുമളി ശിക്ഷക് സദനിലും 19 മുതല്‍ 21 വരെ അടിമാലി ആത്മജ്യോതിയിലുമാണ് റെസിഡന്‍ഷ്യല്‍ പരിശീലനങ്ങള്‍.

കൈറ്റ് തയാറാക്കിയിട്ടുള്ള ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഓണ്‍ലൈനായിട്ട് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ നാല്‍പ്പത് പേര്‍ക്കാണ് റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയും. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് കെ.എസ്.ആര്‍ പ്രകാരമുള്ള യാത്രാപ്പടിയും സൗജന്യ താമസവും ഭക്ഷണവും നല്‍കും. എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളുടെ ജില്ലാതല ആര്‍.പി മാര്‍ക്കുള്ള പരിശീലനവും യു.പി വിഭാഗം അധ്യാപക സംഗമം എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തിന് ശേഷം നടത്തും. പരിശീലനങ്ങളുടെ അക്കാദമികമായ മേല്‍നോട്ടം ഡയറ്റിനും സംഘാടന ചുമതല സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള ബി.ആര്‍.സികള്‍ക്കുമാണ്. അധ്യാപക പ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തിലും ബി.ആര്‍.സി തലത്തിലും മോണിട്ടറിംഗ് സമിതികളും രൂപീകരിച്ചിട്ടുണ്ട്.